തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിന്‍ അഗര്‍വാള്‍, റവാട ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരില്‍നിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയില്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വര്‍ഷത്തെ സര്‍വീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാന്‍ ആകില്ലെന്ന യുപിഎസ്‌സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്റെ നീക്കം.

സംസ്ഥാനത്തിന്റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആര്‍ അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ സംസ്ഥാന പൊലീസ് മേധാവി ആകാന്‍ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയില്‍ അജിത് കുമാറിനെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

അതിനിടെ ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. 30 വര്‍ഷത്തെ സര്‍വീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *