ഐഎന്‍എലിലെ ചേരി തിരിഞ്ഞുള്ള തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐഎം. ഇരു വിഭാഗങ്ങളും ഒന്നിച്ചു നിന്നാല്‍ മുന്നണിയില്‍ തുടരാമെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി പിന്തുണ നല്‍കേണ്ടതില്ലെന്നുമാണ് സിപിഐഎം നിലപാട്.

ഐഎന്‍എല്ലില്‍ പിഎസ്സി കോഴയാരോപണം ഉള്‍പ്പെടെ ഉയര്‍ന്നപ്പോള്‍ തന്നെ സിപിഐഎം നിലപാട് വ്യക്തമാക്കിയതാണ്. ഒടുവില്‍ പാര്‍ട്ടിക്കകത്തെ പോര് തെരുവിലേക്കെത്തുകയും പിന്നാലെ മുന്നണിക്കും സര്‍ക്കാരിനും ദോഷമാകുന്ന തരത്തിലുള്ള തര്‍ക്കവുമായതോടെ സിപിഐഎം നിലപാട് കടുപ്പിച്ചു. ഇരു വിഭാഗങ്ങളായി പിരിഞ്ഞ സംഘടനയില്‍ ഒരു വിഭാഗത്തിനും പിന്തുണ നല്കേണ്ടതില്ലെന്നാണ് സിപിഐഎം തീരുമാനം. അതല്ല ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ മുന്നണിയില്‍ തുടരാമെന്നും ഇതിനോടകം സിപിഐഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്നും ഭൂരിഭാഗം ജില്ലാ നേതൃത്വങ്ങളും പോഷക സംഘടനകളും തങ്ങള്‍ക്കൊപ്പമാണെന്നുമുള്ള അവകാശ വാദവുമായി ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ രംഗത്തെത്തി.

ഇന്നലെയാണ് കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗം കയ്യാങ്കളിയില്‍ കലാശിച്ചത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. യോഗം ചേര്‍ന്ന ഹോട്ടലിന് മുന്നിലും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള ഐഎന്‍എല്‍ യോഗം നേരത്തേ തന്നെ വിവാദമായിരുന്നു. സെന്‍ട്രല്‍ പൊലീസ് നല്‍കിയ നോട്ടിസ് അവഗണിച്ച് സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തുറന്നു കാട്ടുന്നതായിരുന്നു യോഗത്തിലെ സംഭവ വികാസങ്ങള്‍. രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളോട് നിങ്ങള്‍ ഏത് പാര്‍ട്ടിക്കാരാണെന്നും പാര്‍ട്ടിയെ പൊളിക്കാന്‍ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചതായി ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് തര്‍ക്കവും വാക്കേറ്റവും ഉടലെടുത്തു. സംഘര്‍ഷം ഹോട്ടലിന് പുറത്തേക്ക് നീണ്ടതോടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. അസിസ്റ്റന്റ് കമ്മിഷണര്‍ എത്തിയ ശേഷമാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പുറത്തിറങ്ങിയത്.

ഇതിന് പിന്നാലെ ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിളര്‍ന്നു. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. തോപ്പുംപടിയില്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലും യോഗം ചേര്‍ന്നു. ആറ് പേരെ പുറത്താക്കണമെന്നാണ് അവേയബിള്‍ സെക്രട്ടേറിയേറ്റിന്റെ തീരുമാനം. സമാന്തര യോഗങ്ങളില്‍ തീരുമാനമെടുത്തു. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പി അബ്ദുള്‍ വഹാബിനെ മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചു. ബി ഹംസ ഹാജിക്കാണ് വര്‍ക്കിംഗ് പ്രസിഡന്റിന്റെ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *