രണ്ടാം കൃഷിയുടെ വിളവെടുപ്പിലും കര്‍ഷകരെ വഞ്ചിച്ച് സർക്കാർ. വിളവെടുത്ത് പത്ത് ദിവസം കഴിഞ്ഞിട്ടും സപ്ലൈകോ നെല്ല് സംഭരിക്കാത്തിനെ തുടര്‍ന്ന് അപ്പർകുട്ടനാട്ടില്‍ പാടവരമ്പത്ത് ഏക്കർ കണക്കിന് നെല്ല് കിടന്ന് നശിക്കുകയാണ്. ചില പാടശേഖരങ്ങളില്‍ കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍, സ്വകാര്യമില്ലുകള്‍ വാഗ്ദാനം ചെയ്യുന്ന തുഛമായ വിലക്ക് നെല്ല് വില്‍ക്കേണ്ട ഗതികേടിലാണ്. നടന്‍ ജയസൂര്യയുടെ പരസ്യവിമര്‍ശനം വന്‍ വിവാദമായപ്പോള്‍ അടുത്ത സീസണില്‍ സമയത്ത് നെല്ലെടുത്ത് പണം നൽകുമെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോഴും കർഷകരെ കയ്യൊഴിയുകയാണ് സർക്കാർ.പുന്നപ്ര മുപ്പതില്‍ച്ചിറയില്‍ എസ് സജി എന്ന കര്‍ഷകൻ ഇത്തവണ വിളയിച്ചത് മനുരത്ന എന്ന മുന്തിയ ഇനം നെല്ല് ആണ്. പാടശേഖരസമിതിയുടെ കണക്കു പ്രകാരം കിലോക്ക് 33 രൂപവരെ ലഭിക്കുന്ന ഇനമാണിത്. പത്ത് ദിവസം മുമ്പ് ഇയാൾ കൊയ്തിറക്കിയത് ആണ്. പക്ഷെ സ്പ്ലൈകോ തിരിഞ്ഞുനോക്കിയില്ല. ഈ മാസം ആദ്യം വിളവെടുപ്പ് ഉണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും മില്ലുടമകളുമായി കരാർ ഒപ്പിടാന്‍ വൈകിയതാണ് കാരണം. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നെല്ല് കിളിര്‍ക്കാൻ തുടങ്ങിയോടെ കച്ചവടക്കണ്ണുകളുമായി സ്വകാര്യമില്ലുകളുമെത്തി. 33 രൂപ കിട്ടേണ്ടിടത്ത് ഇവര്‍ വാഗ്ദാനം ചെയ്തത് 25 രൂപയാണ്. കഴിഞ്ഞ തവണ കൃഷിയിറക്കി എട്ട് ലക്ഷം രൂപയുടെ കടക്കെണിയിൽ അകപ്പെട്ട സജിക്ക് മറ്റൊരു നിര്‍വാഹവുമില്ലാതെ നെല്ല് വിൽക്കേണ്ടി വന്നു. അപ്പർ കുട്ടനാടിലെ മിക്ക പാടശേഖരങ്ങളിലേയും കര്‍ഷകരുടെ അവസ്ഥ ഇത് തന്നെയാണ്. നെല്ല് കേടാകാതിരിക്കാന്‍ ഓരോ ദിവസവും ഉണക്കേണ്ട അവസ്ഥയിലാണ് കർഷകർ. പ്രതിദിനം 1200 രൂപ കൂലിക്ക് തൊഴിലാളികളെ വെച്ചാണ് ഇത് ചെയ്യുന്നത്. നെല്ല് സംഭരിച്ച് സമയത്തിന് പണം നല്‍കാതെ കർഷകനെ പറ്റിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ തുറന്നടിച്ചപ്പോള്‍ വലിയ വാഗ്ദാനങ്ങളുമായി ഭക്ഷ്യ, കൃഷി മന്ത്രിമാര്‍ രംഗത്തിറങ്ങിയിരുന്നു. അടുത്ത സീസൺ മുതല്‍ എല്ലാം ശരിയാക്കുമെന്നായിരുന്നു പ്രഖ്യാപനങ്ങള്‍. പക്ഷേ ഒന്നും നടന്നില്ലെന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *