കേരളമറിയുന്ന വിനോദ സഞ്ചാരകേന്ദ്രമല്ല കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം.എങ്കിലും ആളുകളെ ആകർഷിച്ച് സങ്കേതത്തിലെത്തിക്കാൻ കഴിവുള്ള ഇടമാണ്. നീളൻ റോഡും റോഡിനിരുവശമായി നിറഞ്ഞ വാഴത്തോപ്പുകളും വിശാലമായ വയലും വയലിന് നടുവിലൂടെ മനോഹരമായി ഒഴുകുന്ന തോടും ചേർന്ന പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഒന്നോ രണ്ടോ ശക്തമായ മഴ ലഭിച്ചാൽ വയൽ നിറഞ്ഞ് വെള്ളം റോഡിലെത്തും. വെള്ളത്താൽ ചുറ്റപ്പെട്ട സങ്കേതം കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്.

പ്രകൃതി സൗന്ദര്യം പോലെ തന്നെ ഇവിടുത്തെ മറ്റൊരു ആകർഷണമാണ് ദേശാടനക്കിളികൾ. ദേശാടനകിളികളുടെ പ്രിയ ഇടം കൂടി ആണ് ഇവിടം.ആളുകൾക്ക് കൗതുക കാഴ്ചയൊരുക്കാൻ എല്ലാ വർഷവും സൈബീരിയൻ കൊക്കുകൾ, നീലത്താറാവ് തുടങ്ങി വിവിധ ഇനം ദേശാടന പക്ഷികൾ ഇവിടെ എത്താറുണ്ട് .

സങ്കേതത്തിൽ പരമ്പരാഗതമായി കൃഷി ചെയ്തത് പോരുകയും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ ഈ പ്രദേശത്തെ കൃഷിസ്ഥലമായി നില നിർത്തുകയും ചെയ്യുന്നത് ഇന്നത്തെ കാലത്തെ വേറിട്ട കാഴ്ചയാണ്.വിദേശത്തേക്ക് വരെ വാഴപ്പഴം കയറ്റിഅയക്കുന്നു എന്ന കൃഷിപെരുമയും സങ്കേതത്തിനുണ്ട്.സങ്കേതത്തിനെ സുന്ദരമായി നിലനിർത്താൻ വയൽ നികത്തലും മണ്ണെടുക്കലും അനുവദിക്കാതെ ഇടപെടുന്നവരും അവിടെയുണ്ട് എന്നതും ശ്രദ്ധേയമാണ്.

വര്ഷക്കാലത്താണ് ഇവിടെ കാഴ്ചക്കാരുടെ തിരക്ക് കൂടുതാലുള്ളത്.മഴയാസ്വദിക്കാനും നിറഞ്ഞൊഴുകുന്ന വയലിൽ നീന്തിത്തുടിക്കാനുമായി മറ്റ് ജില്ലകളിൽ നിന്നുപോലും സഞ്ചാരികൾ എത്തുന്നത് കോഴിക്കോട് ചാത്തമംഗലം വെള്ളന്നൂർ സങ്കേതം എന്ന ഗ്രാമപ്രദേശത്തെ ടൂറിസം സാധ്യതകളും തുറന്നിടുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *