കര്‍ണാടക ഭൂമി കുംഭകോണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരനായ ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കെ എന്‍ ജഗദേഷ് കുമാര്‍.
ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്)യില്‍ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതി. 1994ല്‍രാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് വിറ്റെന്നും പരാതിക്കാരന്‍ ഉന്നയിക്കുന്നു.
‘ബിപിഎല്‍ ഫാക്ടറിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയത്. ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടര്‍മാരാണ്. കെഐഎഡിബി കരാര്‍ പ്രകാരം മൂന്ന് മാസത്തിനകം പ്ലാന്‍ നല്‍കുമെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും പറഞ്ഞു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷവും അതിലൊരു ഇഷ്ടിക പോലും അവര്‍ വെച്ചിട്ടില്ല. പദ്ധതി പ്രകാരം അവര്‍ 6 കോടി നിക്ഷേപം നടത്തി. 2009ല്‍ ഇത് മാരുതി കമ്പനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് മറിച്ചു വിറ്റു’, ജഗദേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ഷകരെയും കെഐഎഡിബിയെയും പറ്റിച്ചെന്നും 2009ലെ ബിജെപി മന്ത്രി കട്ട സുബ്രഹ്‌മണ്യ നായ്ഡു ഈ ഭൂമി വില്‍ക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. തട്ടിപ്പില്‍ വലിയ ഗൂഡാലോചന നടന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. വലിയ ചതിയാണ് നടന്നത്. നിയമവിരുദ്ധമായി അവര്‍ പണം കൈക്കലാക്കി. ഇതില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടു. കര്‍ഷകര്‍ക്ക് ഒരു ഏക്കറിന് ഒരു ലക്ഷം എന്ന രീതിയിലാണ് ലഭിച്ചത്. ബിജെപി നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ട്. പരാതി നല്‍കിയതിന് ശേഷം ഭീഷണി നേരിടുന്നുണ്ടെന്നും ജഗദേഷ് കുമാര്‍ പറഞ്ഞു.
