മലപ്പുറം: പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും തിരൂർ ഡിവൈഎസ്പി വ്യക്തമാക്കി.
ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ട്രെയിനിന് മുന്നിൽ ചാടി ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. സംശയം മൂലമാണ് മുഹമ്മദ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
പൊന്നാനി ഹാർബർ പരിസരത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ദമ്പതികൾ ഒരുമിച്ചാണ് ബീച്ചിലേക്ക് പോയത്.
