ചങ്ങനാശ്ശേരി ഫ്ലൈഓവറിന്റെ അലൈൻമെന്റ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേശീയപാതാ അധികൃതരെയും എം.എൽ.എയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ചർച്ച നടത്തി പ്രായോഗികമായ തീരുമാനമെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു.
നിയമസഭയിൽ വിനു ജോബ് കുഴിമണ്ണിൽ എം. എൽ. എ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ചങ്ങനാശ്ശേരി ഫ്ലൈഓവർ
ചങ്ങനാശ്ശേരിയിലെ എസ്.എച്ച്. ജംഗ്ഷനു മുമ്പായി അവസാനിക്കുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന പദ്ധതിയുടെ ലക്ഷ്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഫ്ലൈഓവർ, ജംഗ്ഷൻ കടന്ന് കുറച്ചുകൂടി നീട്ടിയാൽ മാത്രമേ ഗതാഗതക്കുരുക്കിന് ഫലപ്രദമായ പരിഹാരം ലഭിക്കൂവെന്നാണ് ഉയരുന്ന നിർദേശം. അലൈൻമെന്റ് പരിഷ്കരിച്ചാൽ ഫ്ലൈഓവർ ഏകദേശം 350 മീറ്റർ കൂടി നീട്ടേണ്ടിവരുമെന്നാണ് ബന്ധപ്പെട്ട രേഖകളിൽ വ്യക്തമാക്കുന്നത്.
നിർമാണ കമ്പനിയായ ഊരാളുങ്കലുമായി 61.54 കോടി രൂപയ്ക്ക് 2025 നവംബർ 7-ന് നിർമാണ കരാർ ഒപ്പിട്ടതാണ്.സൈറ്റ് കൈമാറുകയും ചെയ്തു. കരാർ വ്യവസ്ഥപ്രകാരം കരാർ ഒപ്പിട്ട് മൂന്ന് മാസത്തിനകം ഡിസൈൻ സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെ ഡിസൈൻ സമർപ്പിച്ചിട്ടില്ല. കരാർ ഒപ്പിട്ട് പതിനൊന്ന് മാസം ആയിട്ടും നിർമാണ പ്രവൃത്തികൾ ആരംഭിക്കാനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മണ്ണ് പരിശോധനയും മറ്റ് ഡിസൈൻ നടപടികളും ആരംഭിച്ചിട്ടുണ്ടെങ്കിലും ഡിസൈൻ അന്തിമമാക്കുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട്.
നിലവിലെ കരാർ പ്രകാരം പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ അലൈൻമെന്റിൽ മാറ്റം വരുത്തുന്നത് അധിക സാങ്കേതിക നടപടികൾ ആവശ്യപ്പെടും. ഫ്ലൈഓവറിന്റെ നീളം വർധിപ്പിക്കണമെങ്കിൽ പുതിയ സാങ്കേതിക പഠനം, ഭരണാനുമതി, സാമ്പത്തികാനുമതി, ആവശ്യമായ ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കേണ്ടിവരും. അതിനാൽ അലൈൻമെന്റ് മാറ്റത്തിന്റെ പ്രായോഗികതയും നിർമാണച്ചെലവിലും സമയക്രമത്തിലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും പരിശോധിക്കേണ്ടതുണ്ട്.
ഇതിനുപുറമെ, ദേശീയപാത 183-ന്റെ വീതികൂട്ടലുമായി ബന്ധപ്പെട്ട നിർദിഷ്ട അലൈൻമെന്റ് ചങ്ങനാശ്ശേരി ബൈപ്പാസ് വഴിയാകാനാണ് സാധ്യത. ഈ റോഡ് ദേശീയപാതാ അതോറിറ്റിക്ക് (NHAI) കൈമാറിയിട്ടുണ്ട്. റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്ന സാഹചര്യത്തിൽ ചങ്ങനാശ്ശേരി ഫ്ലൈഓവർ രണ്ടുവരിയായി നിർമിക്കുന്നത് ഉചിതമാണോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.
പദ്ധതി നടപ്പാക്കുമ്പോൾ നിലവിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നതിനൊപ്പം ഭാവിയിലെ ഗതാഗതവികസനവും പരിഗണിക്കേണ്ടതുണ്ട്. അതിനാൽ ദേശീയപാതാ അതോറിറ്റി, എം.എൽ.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തതും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കുന്നതുമായ പ്രായോഗിക പരിഹാരത്തിലെത്താനാണ് ലക്ഷ്യമിടുന്നതെന്ന് മരാമത്ത് മന്ത്രി പി കെ ബഷീർ അറിയിച്ചു.
