ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ്-6 ഉൾപ്പടെ ഒമ്പത് ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ പിഎസ്എൽവി-സി54 റോക്കറ്റ് വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 11.56 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു വിക്ഷേപണം. ഓഷ്യൻ സാറ്റ് പരമ്പരയിൽപ്പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇതിൽ പ്രധാനപ്പെട്ടത്. മറ്റുള്ളവ നാനോ സാറ്റലൈറ്റുകളാണ്. പിഎസ്എൽവി എക്‌സ്എൽ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്.

വിക്ഷേപണം നടന്ന് 17-ാം മിനിറ്റിൽ പ്രധാന ദൗത്യമായ എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ്-6 വിക്ഷേപണ വാഹനത്തിൽ നിന്ന് വിജയകരമായി വേർപെടുത്തി. വരും മണിക്കൂറുകളിൽ ഓർബിറ്റ്-ചേഞ്ച് ത്രസ്റ്ററുകൾ രണ്ട് തവണ പ്രവർത്തിപ്പിച്ച് വിക്ഷേപണ വാഹനത്തിൻറെ ഭ്രമണപഥം ക്രമീകരിച്ച ശേഷം വരുന്ന മണിക്കൂറുകളിൽ മറ്റുള്ള നാനോ സാറ്റലൈറ്റുകൾ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിവിധ ഓർബിറ്റുകളിൾ വിന്യസിക്കും. ഇസ്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യങ്ങളിൽ ഒന്നായിരിക്കും ഇത്.

ഓഷ്യൻസാറ്റ് സീരിസിലെ മൂന്നാം തലമുറയിലെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്-6 (ഇഒഎസ്-6). ഓഷ്യൻസാറ്റ്-2 ന്റെ സേവനങ്ങളുടെ തുടർച്ചയാണ് പുതിയ ഉപഗ്രഹത്തിന്റെ പ്രധാന ചുമതല. മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും പുതിയ ഉപഗ്രഹത്തിലുണ്ടാവും. സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടിയാണ് ഓഷ്യൻസാറ്റ് ഉപഗ്രങ്ങൾ തയ്യാറാക്കായിരിക്കുന്നത്.

ഇന്ത്യ-ഭൂട്ടാൻ സഹകരണത്തിലുള്ള ഐഎൻഎസ്-2ബി, സ്പേസ് ഫ്ളൈറ്റ് യുഎസ്എയുടെ നാല് നാനോ സാറ്റലൈറ്റുകൾ, സ്വിസ് കമ്പനിയായ ആസ്ട്രോകാസ്റ്റിന്റെ ഒരു ഉപഗ്രഹം, ഹൈദരാബാദിൽ നിന്നുള്ള ധ്രുവ സ്പേസിന്റെ തൈബോൾട്ട്-1, തൈബോൾട്ട് 2 ഉപഗ്രഹങ്ങൾ, സ്റ്റാർട്ട് അപ്പ് ആയ പിക്സെലിന്റെ (Pixxel) ആനന്ദ് എന്ന നാനോ സാറ്റലൈറ്റ് എന്നിവയാണ് ദൗത്യത്തിലെ മറ്റ് ഉപഗ്രഹങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *