തൃശൂര്‍ : തൃശൂര്‍ ഗവ. മെഡി. കോളേജിലെ ശുചിമുറിയില്‍ വയോധികനെ 36 മണിക്കൂറുകള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മെഡി. കോളജിന്റെ ഭാഗത്ത് നിന്ന് സൂക്ഷ്മതക്കുറവ് ഉണ്ടായെന്നും മൃതദേഹത്തില്‍ മുറിവും മര്‍ദനമേറ്റത് പോലുള്ള പാടുകളും കണ്ടെന്നുമാണ് മരണപ്പെട്ട മക്കുട്ടി റാവുത്തറിന്റെ മകള്‍ ബീഫാത്തിമ പറയുന്നത്. അതോടൊപ്പം, കാണാതായെന്ന് പരാതി ലഭിച്ചിട്ടും പൊലീസ് തങ്ങളെ ബന്ധപ്പെട്ടിരുന്നില്ലെന്നും മരണ ശേഷം മാത്രമാണ് പൊലീസ് ബന്ധപ്പെട്ടതെന്നും ബീഫാത്തിമ പറഞ്ഞു.
ശ്വാസതടസ്സം കാരണം പിതാവ് ആദ്യം പോയത് നെമ്മാറ ജില്ലാ ആശുപത്രിയിലേക്കാണെന്നും അവിടെ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത് അറിഞ്ഞിരുന്നില്ലെന്നും പിതാവിന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു.
സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും 36 മണികൂറുകള്‍ക്ക് ശേഷം ശുചിമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ കാര്യത്തില്‍ വിശദമായി അന്വേഷിക്കണമെന്നും ദുരൂഹത ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിയമിച്ച സമിതിയുടെയും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കൂടുതല്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
