തൃത്താല: പാലക്കാട് സ്കൂളിൽ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തൃത്താല പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച അർധരാത്രി പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് വ്യാഴാഴ്ച തൃത്താല പൊലീസ് ശേഖരിക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ഫോറൻസിക് വിദഗ്ധ പരിശോധനക്കായി അയയ്ക്കും. പരിക്കേറ്റ കുട്ടി ഒരു ദിവസം കൂടെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ബുധനാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.
ലൈസൻസ് ഇല്ലാത്ത നാടൻ കൈത്തോക്ക് വീട്ടിൽ സൂക്ഷിച്ചതിന് കുട്ടിയുടെ അമ്മയ്ക്ക് എതിരെ ആംസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
ഈ കേസിൽ രണ്ടുമുതൽ അഞ്ചുവർഷംവരെ തടവും പിഴയും ലഭിക്കാനുള്ള സാധ്യതയുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കൂടുതൽ അന്വേഷണം നടത്തിയശേഷമേ നടപടിയുണ്ടാവൂയെന്ന് തൃത്താല സബ് ഇൻസ്‌പെക്ടർ എം.എസ്. സത്യജിത്ത് അറിയിച്ചു. തോക്കുകൊണ്ടുവന്ന കുട്ടിയുടെ വീട്ടുകാരുടെയും അധ്യാപകരുടെയും മൊഴി എടുത്തിയിട്ടുണ്ട്.
തോക്ക് കുട്ടിയുടെ മുത്തച്ഛൻ്റേതാണെന്നാണ് വിവരം. മുത്തച്ഛനും അച്ഛനും ജീവിച്ചിരിപ്പില്ല. ഉത്തരേന്ത്യയിലും മറ്റും നിർമിച്ചിരുന്ന പിച്ചളപ്പിടിയുള്ള നാടൻ റിവോൾവറാണിത്. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇതെങ്ങനെ കുട്ടിക്ക് ലഭിച്ചു എന്ന് വ്യക്തമാവൂ. വെടിയുണ്ടകൾ പഴയതായിരുന്നതെങ്കിലും തോക്ക് പ്രവർത്തനസജ്ജമായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. ചൊവ്വാഴ്ചരാത്രി സ്‌കൂളിലെത്തിയ ഫൊറൻസിക് വിഭാഗം ക്ലാസ് മുറിയിലെ സാംപിളുകൾ ശേഖരിച്ചു. ഇവ ലാബിൽ പരിശോധിച്ച് ശേഷം റിപ്പോർട്ട് കോടതിയിൽ നൽകും.
തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാരെ കാണിക്കാനായി കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയത്. സഹപാഠിയായ വിദ്യാർത്ഥിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിൽ ആയിട്ടാണ് വെടിയേറ്റത്. പരിക്കേറ്റ കുട്ടി കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
