പാലക്കാട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് ‘നെല്ലിക്കാത്തളം’ വയ്ക്കുന്നതിനായി നെല്ലിക്ക കൊറിയർ വഴി അയച്ചുകൊടുത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് എം.പിക്ക് നെല്ലിക്ക പാഴ്സൽ ചെയ്തുനൽകിയത്. ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങൾക്ക് തുടക്കമായത്.

ഷാഫി എ ഗ്രൂപ്പുകാരനല്ലെന്നും, അഥവാ എ ഗ്രൂപ്പാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്നുമായിരുന്നു ഉണ്ണിത്താന്റെ വിമർശനം. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ‘പെട്ടിതാങ്ങികൾ’ ആണെന്നും, ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം ആരോപിച്ചു. ഉമ്മൻചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ രക്ഷിക്കാൻ അന്ന് താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും, മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് തലയിൽ മുണ്ടിട്ട് ഓടി ഒളിച്ചെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. സി.പി.എം പച്ചയ്ക്ക് വലിച്ചുകീറിയപ്പോൾ പ്രതിരോധിച്ചത് ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *