കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായൊന്ന് കാണാന്‍ കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യില്‍ കേരളം ഒഴുകിയെത്തുന്നു. എം.ടി. വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കലാ, സാംസ്‌കാരിക, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ അണമുറിയാതെ പ്രവഹിക്കുകയാണ്.

ഇന്നലെ രാത്രി എം.ടിയുടെ അന്ത്യം സംഭവിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തന്നെ പ്രമുഖരുടെ നീണ്ട നിര എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ന് തന്നെ നടന്‍ മോഹന്‍ലാന്‍ ‘സിതാര’യിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, സംവിധായകന്‍ ഹരിഹരന്‍, എഴുത്തുകാരായ പി.കെ. പാറക്കടവ്, കല്‍പറ്റ നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, യു.കെ. കുമാരന്‍, എം.എം. ബഷീര്‍, കെ.പി. സുധീര, പി.ആര്‍. നാഥന്‍, കെ.സി. നാരായണന്‍, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള, എം.പി. അബ്ദുസമദ് സമദാനി എം.പി, മേയര്‍ ഡോ. ബീന ഫിലിപ്, ‘മാധ്യമം’ ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്‌മാന്‍, എഡിറ്റര്‍ വി.എം ഇബ്രാഹീം, മീഡിയവണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്ട്, ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുല്ല, കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്, വി.എം വിനു, കെ. അജിത, കെ.ടി കുഞ്ഞിക്കണ്ണന്‍, നിധീഷ് നടേരി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. മോഹനന്‍, കെ.സി. അബു, പി.എം. നിയാസ്, എ. പ്രദീപ് കുമാര്‍, വി. വസീഫ്, സുനില്‍ സ്വാമി, ജാനമ്മ കുഞ്ഞുണ്ണി, ഡോ. കെ. ശ്രീകുമാര്‍, സി.പി. മുസാഫര്‍ അഹമ്മദ്, അഡ്വ എം. രാജന്‍, കെ.കെ. ദിനേശന്‍, കെ.കെ. ലതിക, മനയത്ത് ചന്ദ്രന്‍, എം.ജയശ്രീ, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഇപി ജയരാജന്‍, നടന്‍ വിനീത്, ജോയ് മാത്യു തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു എം.ടിയുടെ അന്ത്യം. 91 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ബസ്സ്റ്റാന്‍ഡിന് സമീപമുള്ള മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

സാഹിത്യരംഗത്ത് ഇന്ത്യയില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ല്‍ എം.ടി.ക്ക് ലഭിച്ചിരുന്നു. 2005ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.

മലയാള സാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. അദ്ദേഹം തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിന് പുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.

1957ല്‍ മാതൃഭൂമിയില്‍ സബ്എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച എം.ടി. 1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981ല്‍ ആ സ്ഥാനം രാജിവെച്ചു. 1989ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയില്‍ എത്തി. മാതൃഭൂമിയില്‍ നിന്നു വിരമിച്ച ശേഷം കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം.

1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും നാലാണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു എം.ടി.

സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എം.ടിയുടെ സിനിമാജീവിതവും. സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതവും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അമ്പതിലേറെ ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിര്‍മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

നൃത്താധ്യാപികയായ കലാമണ്ഡലം സരസ്വതി ആണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്‌സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍ എന്നിവര്‍ മരുമക്കള്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യ ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *