തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് കൈമാറി. കെപിസിസിയില്‍ പുനഃസംഘടന ഉടന്‍ വേണമെന്ന് ദീപ ദാസ് മുന്‍ഷി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
അതേസമയം കേരളത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് വിവരം. പുനഃസംഘടനയില്‍ ഉയര്‍ന്നുവന്നിട്ടുളള എതിര്‍പ്പുകള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാര്‍ മാറും.
നാളെ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ നേതാക്കളെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തില്‍ നിന്നുളള പ്രധാന നേതാക്കളെ നാളെ പ്രത്യേകം കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടേക്കും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം.
എന്നാല്‍ നാളെ നടക്കുന്ന യോഗത്തില്‍ കെ സി വേണുഗോപാല്‍ പങ്കെടുത്തേക്കില്ല. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാല്‍ അമിതമായി ഇടപെടുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ സി വേണുഗോപാല്‍ പങ്കെടുക്കാത്തതെന്നാണ് വിവരം.