ഒരാളെക്കുറിച്ചു പറയുമ്പോൾ അയാളെ എപ്പോഴാണ് ആദ്യം കണ്ടതെന്ന് ഓർക്കും. എന്നാൽ ഇന്നസന്റിനെ എപ്പോഴാണു കണ്ടതെന്ന് ഓർമയില്ല. ചേട്ടൻ എന്നാണു വിളിച്ചിരുന്നത്. നമ്മുടെ ചേട്ടനെ എപ്പോഴാണ് കണ്ടതെന്ന് ഓർക്കാറില്ലല്ലോ.

മിക്ക ദിവസവും വിളിക്കും. അതെല്ലാം അവസാനിക്കുന്നതു ചിരിയിലാണ്. മിക്കപ്പോഴും ഞാൻ നിൽക്കുന്ന സ്ഥലത്ത് ഉറക്കെ ചിരിക്കാനാകാത്ത അവസ്ഥ വരുമ്പോൾ ഫോൺ വയ്ക്കാൻ പറയും. എന്റെ കുടുംബത്തിലെ ഓരോ കാര്യത്തിലും ഇന്നസന്റുണ്ടായിരുന്നു. വേദനകളുടെ കാലത്ത് അദ്ദേഹം ചേർത്തു പിടിച്ചു നിർത്തി. എന്നെ ഒരാളും അതുപോലെ ചേർത്തു നിർത്തിയിട്ടില്ല. ഒരു ഫോൺ വിളികൊണ്ടുപോലും സമാധാനിപ്പിക്കാൻ അദ്ദേഹത്തിനാകും.

‘പറഞ്ഞതു കേൾക്ക്’ എന്നാണു പറയാറ്. അതിനപ്പുറത്തേക്കു ഞാനൊരിക്കലും പോയിട്ടില്ല. സംഘടനയിലായാലും വ്യക്തിജീവിതത്തിലായാലും ആ വാക്കിനപ്പുറം എനിക്കു വാക്കുണ്ടായിരുന്നില്ല.തല ഉയർത്തിനിന്നാണു ചേട്ടൻ യാത്രയായിരിക്കുന്നത്. സിനിമയിൽ, രാഷ്ട്രീയത്തിൽ, വ്യക്തി ജീവിതത്തിൽ അദ്ദേഹം മോഹിച്ചതെല്ലാം നേടി. പ്രൗഡഗംഭീരമായ ജീവിതവും യാത്രയുമായിരുന്നു ചേട്ടന്റേത്.ഇന്നസന്റ് എന്ന പേര് ചേട്ടനല്ലാതെ മറ്റാർക്കും ചേരില്ലെന്നു തോന്നിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *