താരങ്ങളെല്ലാമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു ഇന്നസെന്റ്. എല്ലാത്തിനെയും തമാശയോടെയാണ് നോക്കിക്കാണാറുള്ളതെങ്കിലും ആവശ്യം വന്നാല്‍ അദ്ദേഹം കൂടെക്കാണുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. സാമ്പത്തികമായ സഹായങ്ങള്‍ വരെ ചെയ്യാറുണ്ടായിരുന്നു.

വിവാഹ സമയത്ത് പൈസ തന്ന് സഹായിച്ചത് ഇന്നസെന്റാണെന്ന് മുന്‍പ് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ആലീസിന്റെ വള വിറ്റായിരുന്നു അദ്ദേഹം ശ്രീനിക്ക് പണം കൊടുത്തത്. ആ കഥ ഞാനും കേട്ടിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. അച്ഛന് ചുറ്റുമായി കണ്ടിരുന്നവരില്‍ ഓരോരുത്തരായി അരങ്ങൊഴിയുന്നതിന്റെ സങ്കടമായിരുന്നു വിനീത് പങ്കുവെച്ചത്.

എന്തു പറയണം എന്നറിയില്ല. ഒരുപാട് ഓർമ്മകളുണ്ട്..കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്.

എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *