തിരുവനന്തപുരം: കോൺഗ്രസിൽ അവസാനമില്ലാതെ തുടരുന്ന മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് കെ മുരളീധരൻ. ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഇല്ലായിരുന്നുവെന്നും അതിനുപകരമുള്ള ഒരു വെടിക്കെട്ട് ആയി കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ കണ്ടാൽ മതിയെന്നുമാണ് കെ മുരളീധരന്റെ പരിഹാസം.
ആളുകൾ മൂഡ് ഓഫ് ആകാതിരിക്കാനാണ് ഇത്തരം ചർച്ചകളെന്ന് ന്യായീകരിച്ച കെ മുരളീധരൻ നേതാക്കളുടെ പിആർ വർക്കുകൾ പരിധി വിടില്ലെന്നും പറഞ്ഞു. മുസ്ലിംലീഗിലെ മുഖ്യമന്ത്രി ചർച്ചയിലും കെ മുരളീധരൻ പ്രതികരിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ആക്കണമെന്ന തരത്തിലാണ് ലീഗിൽ ചർച്ചകൾ ഉടലെടുക്കുന്നത്. അടുത്താഴ്ച ഈ സമയം കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം എന്നും പറഞ്ഞു. നേതാക്കളുടെ പിആർ വർക്കുകൾ പരിധിവിടില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും അവരുടെ അനുയായികളും ഗ്രൂപ്പ് തിരിഞ്ഞ് കസേരപ്പോര് തുടരുന്നതിനിടെയാണ് ലീഗും ചർച്ചയിലേക്ക് അണിചേരുന്നത്. അടുത്ത മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആവണമെന്നാണ് ആഗ്രഹമെന്ന് എസ്.എം.എഫ് നേതാവ് അസ്ലം മഷ്ഹൂർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
