മലപ്പുറം: നാടിനെ നടുക്കിയ കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ രണ്ടു പേരെ മലപ്പുറത്ത് എത്തിച്ചു. ചെന്നൈയിൽ നിന്നാണ് പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ ഇന്നലെയാണ് ഇവരെ ചെന്നൈയിൽ നിന്ന് പോലീസ് പിടിയിലായത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അന്വേഷണസംഘം പ്രതികളെ മലപ്പുറത്ത് എത്തിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി തിരൂർ ഡിവൈഎസ്പി ഓഫീസിലെത്തിയ ശേഷം ഇരുവരെയും ചോദ്യം ചെയ്യും. എന്തിനാണ് ഇത്രയും വലിയ അതിക്രൂരമായ കൊലപാതകം ഇവർ നടത്തിയത് എന്ന് കണ്ടത്തേണ്ടതുണ്ട്. ഇത് ചോദ്യം ചെയ്യലിലൂടെ പുറത്തു കൊണ്ടുവരാൻ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിലവിൽ കേസിൽ മൂന്നു പ്രതികളാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് തിരൂർ സ്വദേശിയായ സിദ്ദിഖ് കോഴിക്കോട്ടെ വ്യാപാരസ്ഥാപനത്തിലേക്ക് പോകുന്നത്. പതിവു പോലെ തിരിച്ചെത്തുന്ന സിദ്ദിഖിനെ വീട്ടുകാർക്ക് ഫോണിൽ ബന്ധപ്പെടാൻ സാധില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ മലപ്പുറം തിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം വിഡ്രോ ചെയ്യുന്നതായി കണ്ടെത്തി. ഇത് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

കൊലപാതകം നടത്തിയ ശേഷം പ്രതികൾ മൃതദേഹം വെട്ടിനുറുക്കി ട്രോളിയിലാക്കി അട്ടപ്പാടിയിലെ കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് ഇന്നലെ അഗ്നിരക്ഷയുടെ സഹായത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. സിദ്ദിഖിൻ്റെ മൃതദേഹം ഇന്നലെ രാത്രി ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *