ഇലക്ട്രീഷ്യന്‍ ഒഴിവ്

ആലപ്പുഴയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തില്‍ 18 മാസത്തെ ഇലക്ട്രീഷ്യന്‍ കോഴ്സും അപ്രന്റീസ്ഷിപ്പും പൂര്‍ത്തിയാക്കിയതിന്റെ ഐ.ടി.ഐ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും. പ്രശസ്തമായ ഫിലിം സ്റ്റുഡിയോയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം. 18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂലൈ 19നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്സുമാര്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ജൂലൈ 15നകം അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: 9048110031, 8281114464, www.srccc.in.

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ്സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് (12 മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വിത്ത് ഇ ഗാര്‍ഡ്ജറ്റ് ടെക്നോളജി (12 മാസം) എന്നിവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി, പ്ലസ് ടു ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് യോഗ്യത. വിശദവിവരങ്ങള്‍ക്ക്: 8590605260, 0471-2325154.

എം.എസ്.എം.ഇ വാരാഘോഷം

അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക (എം.എസ്.എം.ഇ) ദിനത്തോടനുബന്ധിച്ച് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 28) രാവിലെ 10.30 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ അധ്യക്ഷത വഹിക്കും.

ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ്പ്; അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂണ്‍ 29 മുതല്‍

സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കന്‍ പശ്ചിമഘട്ട മേഖലയില്‍ നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ്പ് പദ്ധതിയെ അടിസ്ഥാനമാക്കി അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂണ്‍ 29ന് ആരംഭിക്കും. ഹരിത കേരളം മിഷനും യു.എന്‍.ഡി.പിയും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. തിരുവനന്തപുരം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ശില്പശാല തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസമാണ് ശില്പശാല. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും യു.എന്‍.ഡി.പി IHRML പ്രോജെക്ട് സ്റ്റേറ്റ് ഡയറക്റ്ററുമായ ഡോ. ടി. എന്‍. സീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യു.എന്‍.ഡി.പി. ഇന്ത്യ റസിഡന്റ് പ്രതിനിധി ഷോക്കോ നോഡ മുഖ്യ പ്രഭാഷണം നടത്തും. പദ്ധതിയുടെ കീഴില്‍ വരുന്ന 11 ജില്ലകളിലെ പ്രാദേശിക പ്രതിനിധികള്‍ ശില്പശാലയുടെ ഭാഗമാകും. പദ്ധതിയുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങളുള്‍പ്പെടുത്തിയുള്ള പ്രദര്‍ശനവും നടക്കും. ചീഫ് സെക്രട്ടറി വി. പി. ജോയി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

പദ്ധതിയിലൂടെ പ്രദേശത്തു സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍, സുസ്ഥിര ഉപജീവന മാര്‍ഗ്ഗങ്ങളിലൂടെ ഹരിത സമ്പദ്വ്യവസ്ഥയിലേക്ക്, സുസ്ഥിര പ്രകൃതി വിഭവ പരിപാലനത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള ശേഷി വികസനം, പരിസ്ഥിതി വിജ്ഞാനവും സംരക്ഷണവും, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ശില്പശാല നടക്കുക. ജൂണ്‍ 30 ന് ഉച്ചയ്ക്ക് 2.30ന് ശില്‍പശാലയുടെ സമാപന സമ്മേളനം വനം മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്: ആദ്യദിനം മൂന്ന് കേസുകള്‍ തീര്‍പ്പാക്കി

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങിന്റെ ആദ്യ ദിവസം മൂന്ന് കേസുകള്‍ തീര്‍പ്പാക്കി. ആകെ 28 പരാതികളാണ് ചെയര്‍മാന് മുന്‍പാകെ ലഭിച്ചത്. ശേഷിക്കുന്നവ ജൂലൈ 18ന് പരിഗണിക്കും. രണ്ട് ദിവസത്തേക്ക് സംഘടിപ്പിച്ച ഈ മാസത്തെ സിറ്റിങ് ഇന്ന് (ജൂണ്‍ 28) അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *