പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിൽ അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അദ്ദേഹം ഈ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.

റാണി കമലാപതി-ജബൽപൂർ വന്ദേ ഭാരത് എക്‌സ്പ്രസ്, ഖജുരാഹോ-ഭോപ്പാൽ-ഇൻഡോർ വന്ദേ ഭാരത് എക്‌സ്പ്രസ്, മഡ്ഗാവ് (ഗോവ)-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്, ഹാതിയ-പട്‌ന വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് മോദി ഫ്ലാഗ് ഓഫ് ചെയ്ത അഞ്ച് വന്ദേഭാരത് ട്രെയിനുകൾ.

റാണി കമലാപതി-ജബൽപൂർ വന്ദേ ഭാരത് എക്സ്പ്രസ് മഹാകൗശൽ മേഖലയെ (ജബൽപൂർ) മധ്യപ്രദേശിലെ മധ്യമേഖലയുമായി (ഭോപ്പാൽ) ബന്ധിപ്പിക്കും. ഭേരഘട്ട്, പച്മറി, സത്പുര തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇത് പ്രയോജനപ്പെടും. ഈ റൂട്ടിൽ നിലവിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനിനേക്കാൾ 30 മിനിറ്റ് വേഗത്തിലായിരിക്കും ഈ ട്രെയിനുകൾ.

ഖജുരാഹോ-ഭോപ്പാൽ-ഇൻഡോർ വന്ദേ ഭാരത് എക്സ്പ്രസ് മാൾവ മേഖല (ഇൻഡോർ), ബുന്ദേൽഖണ്ഡ് മേഖല (ഖജുരാഹോ) എന്നിവിടങ്ങളിൽ നിന്ന് മധ്യമേഖലയിലേക്ക് (ഭോപ്പാൽ) കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. മഹാകാലേശ്വർ, മണ്ടു, മഹേശ്വര്, ഖജുരാഹോ, പന്ന തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഇത് ഗുണം ചെയ്യും. റൂട്ടിൽ നിലവിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനിനേക്കാൾ രണ്ട് മണിക്കൂറും 30 മിനിറ്റും വേഗത്തിലായിരിക്കും ട്രെയിൻ.

മഡ്ഗാവ് (ഗോവ)-മുംബൈ വന്ദേ ഭാരത് എക്‌സ്‌പ്രസ് ഗോവയുടെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ആയിരിക്കും. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും ഗോവയിലെ മഡ്ഗാവ് സ്റ്റേഷനും ഇടയിലാണ് ഇത് ഓടുക. രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു മണിക്കൂർ വേഗത്തിലായിരിക്കും.

ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് കർണാടകയിലെ പ്രധാന നഗരങ്ങളായ ധാർവാഡ്, ഹുബ്ബള്ളി, ദാവൻഗെരെ എന്നിവയെ സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവുമായി ബന്ധിപ്പിക്കും. ഹാട്ടിയ-പട്‌ന വന്ദേ ഭാരത് എക്‌സ്‌പ്രസ് ജാർഖണ്ഡിലേക്കും ബിഹാറിലേക്കുമുള്ള ആദ്യ വന്ദേ ഭാരത് ട്രെയിനായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *