പ്രാദേശിക കബഡി മത്സരത്തിനിടെ യുവതാരത്തിന് ദാരുണാന്ത്യം. സേലം സ്വദേശി വിമല്‍രാജ് (22) ആണ് മരിച്ചത്. കുഡല്ലൂര്‍, പന്രുതിയില് നടന്ന കബഡി മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സേലത്ത് സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയാണ് വിമല്‍രാജ്.
ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങില്‍ പങ്കെടുക്കുന്ന താരമാണ് വിമല്‍രാജ്. എതിര് കോര്‍ട്ടിലേക്ക് റെയ്ഡിന് വന്ന വിമലിനെ താരങ്ങള്‍ കീഴ്പ്പെടുത്തി. എതിര് ടീമിന് പോയിന്റും ലഭിച്ചു. പെട്ടന്നുതന്നെ വിമല്‍ എണീക്കാന്‍ ശ്രമിച്ചെങ്കിലും കോര്‍ട്ടില്‍ വീഴുകയായിരുന്നു. ഉടനെ പന്രുതി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എന്നാല്‍ പ്രിയപ്പെട്ട കൂട്ടുകാരന് ഇടറിവീണിട്ടും പതറാതെ പൊരുതിനേടിയ ട്രോഫി സഹകളിക്കാര്‍ വിമല്‍രാജിന്റെ മൃതദേഹത്തിനൊപ്പം ചേര്‍ത്തുവച്ചു സംസ്കരിക്കുന്ന വൈകാരിക രംഗങ്ങള്‍ ആരുടെയും കണ്ണുനനയിക്കും.
പ്രിയപ്പെട്ടവനു യാത്രയപ്പു നല്കാന് ട്രോഫിയുമായാണ് ടീമംഗങ്ങള്‍ മോര്‍ച്ചറിയിലെത്തിയത്. ടീമിന്റെ വിജയം ആഘോഷിക്കുന്നതു പോലെയുള്ള ബൈക്ക് റാലി നടത്തിയാണു വിമലിനെ അവസാനമായി വീട്ടിലേക്കാനയിച്ചത്. കളിയില്‍ നേടിയ ട്രോഫി അവനു തന്നെ സമര്‍പ്പിച്ചു. വിമലിന്റെ മൃതദേഹത്തോടൊപ്പം ട്രോഫി വയ്ക്കുന്നതു കണ്ടപ്പോള്‍ പലരും അലറിക്കരയുകയായിരുന്നു.
