കണ്ണൂർ: കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിശദീകരണവുമായി സിപിഐഎം രംഗത്ത്. ഓഗസ്റ്റ് 29, 30, 31 തീയതികളിൽ ഈ മണ്ഡലങ്ങളിൽ പാർട്ടി രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പയ്യന്നൂർ, പെരിങ്ങോത്ത് എന്നിവിടങ്ങളിലും, തളിപ്പറമ്പിലെ മയ്യിലുമാണ് യോഗങ്ങൾ നടക്കുന്നത്. ഈ പ്രധാന പൊതുയോഗങ്ങളിൽ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പങ്കെടുക്കും.

സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകൾ സംഭവിച്ചുവെന്നും പയ്യന്നൂരിൽ വിഭാഗീയതയുണ്ടായിരുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര-സംസ്ഥാന കമ്മിറ്റികളും നേരത്തെ ഔദ്യോഗികമായി വിലയിരുത്തിയിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന നേതൃത്വത്തിന്റെ വാദത്തെ തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദനും, പയ്യന്നൂരിൽ നിന്നും പുറത്തുവന്ന വി കുഞ്ഞികൃഷ്ണനും സംയുക്ത വാർത്താസമ്മേളനത്തിലൂടെ തള്ളിക്കളഞ്ഞത് പാർട്ടിക്ക് വലിയ ചർച്ചയായിരുന്നു.

തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ സിപിഐഎം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ചില പാർട്ടി നേതാക്കൾ തന്നെ പ്രവർത്തിച്ചുവെന്നും, ഒത്തുകളി നടന്നുവെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഈ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ഉടൻ തന്നെ പരിഗണിക്കും. ഇതിന് തൊട്ടുപിന്നാലെ പയ്യന്നൂരിൽ കർശന അച്ചടക്ക നടപടികളും സംഘടനാപരമായ അഴിച്ചുപണികളും ഉണ്ടാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *