ബംഗാൾ ഉൾക്കടലിൽ വെച്ച് മുങ്ങിയ എം വി ഓഷ്യൻ വിന്നർ എന്ന ചരക്കുകപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് ചൈനീസ് പൗരന്മാരെ ഒഡീഷയിൽ എത്തിച്ചു. ആഗസ്റ്റ് 21നാണ് കപ്പൽ കടലിൽ മുങ്ങിയത്. കാണാതായ മറ്റ് 22 ക്രൂ അംഗങ്ങൾക്കായുള്ള തിരച്ചിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ശക്തമായി തുടരുകയാണ്.

യാത്രാവേളയിൽ ഇരുവർക്കും കപ്പലിൽ വെച്ച് തന്നെ വൈദ്യസഹായം നൽകിയതായി കോസ്റ്റ് ഗാർഡ് ചീഫ് പി ആർ ഒ കമാൻഡന്റ് അറിയിച്ചു. ഇമിഗ്രേഷൻ, ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവരെ കപ്പലിന്റെ ലോഡിംഗ് ഏജന്റിന് കൈമാറി. ചൈനീസ് എംബസിയുമായി ബന്ധപ്പെട്ട് ഇവരെ രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒഡീഷയിലെ പാരാദീപ് തുറമുഖത്തുനിന്നും ചൈനയിലേക്ക് 71,200 മെട്രിക് ടൺ ഇരുമ്പ് തരികളുമായി പോയ ബൾക്ക് കാരിയർ കപ്പലാണ് ആഗസ്റ്റ് 21ന് പാരാദീപ് തീരത്തുനിന്ന് ഏകദേശം 290 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ മുങ്ങിയത്. കപ്പലിൽ 20 ചൈനീസ് പൗരന്മാരും ഒരു ബംഗ്ലാദേശി പൗരനും മൂന്ന് മ്യാൻമർ പൗരന്മാരുൾപ്പെടെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച കോസ്റ്റ് ഗാർഡ് കപ്പലുകൾ ഒരു ലൈഫ് ബോട്ട് കണ്ടെത്തിയെങ്കിലും അത് ഒഴിഞ്ഞ നിലയിലായിരുന്നു. ഭാഷാപരമായ തടസ്സങ്ങൾ കാരണം രക്ഷപ്പെടുത്തിയ രണ്ട് ചൈനീസ് പൗരന്മാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്റർ ബെയ്ജിംഗിന്റെ സഹകരണത്തോടെയാണ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *