തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇനിയിപ്പോള്‍ പഴയ കത്തിന് പ്രസക്തിയില്ലെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സ്വയം സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അക്കാര്യങ്ങള്‍ സൂചിപ്പിക്കാം. പക്ഷെ ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താന്‍ അത് അന്തിമമാണ്. അതിന്റെ പേരിലൊരു ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ അസ്ഥാനത്താണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേര് നിര്‍ദേശിക്കുമെന്ന് ഡിസിസിയിലെ നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. താനിതില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞു. തൃശൂരിലെ ഇലക്ഷന്‍ കഴിഞ്ഞ ശേഷം ഇനി അടുത്തൊന്നും മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഞങ്ങളുടെ നിര്‍ദേശമാണ്, ഇത് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുമെന്ന് പറഞ്ഞു. അത് നിങ്ങളുടെ ഇഷ്ടം, ഞാനതില്‍ യെസ് എന്നോ നോ എന്നോ പറയില്ലെന്നും പറഞ്ഞതായി മുരളീധരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് നിശ്ചയിച്ചു. അതുകൊണ്ടു തന്നെ പഴയ കത്തിന് പ്രസക്തിയില്ല. ഈ കത്ത് ഇപ്പോള്‍ എങ്ങനെ പുറത്തു വന്നുവെന്ന് അറിയില്ല. താന്‍ കത്തു പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ ഈ കത്ത് ചര്‍ച്ചയാക്കേണ്ട കാര്യമില്ല. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.