കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രായേൽ യുദ്ധവിമാനങ്ങൾ പറത്തിയവരിൽ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) വനിതാ പൈലറ്റുമാര്‍ ആക്രമണത്തിനായി പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.
ഇറാനില്‍ ആക്രമണം നടത്തിയ രണ്ട് യുദ്ധവിമാനങ്ങളാണ് വനിതകള്‍ നിയന്ത്രിച്ചത്. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാനായി തങ്ങള്‍ എന്തും ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് ഐ.ഡി.എഫ്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ആരുടേയും മുഖം വ്യക്തമാക്കാതെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഇസ്രയേലിനെതിരെ ഇറാന്‍ ഈ മാസം ആദ്യം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. സൈനികകേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള പ്രിസിഷന്‍ ആക്രമണമാണ് ഇസ്രയേല്‍ ഇറാനെതിരെ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍, സിറിയ, ഇറാഖ് എന്നീരാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമപാതകള്‍ മൂന്ന് ദിവസം പൂര്‍ണമായി അടച്ചിരുന്നു.

ഇസ്രയേലിന്റെ ആക്രമണത്തില്‍ നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്നാണ് ഇറാന്‍ പ്രതികരിച്ചത്. എന്നാല്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. തങ്ങള്‍ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഇറാന്‍ പറയുന്നത്. പ്രകോപനം തുടര്‍ന്നാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രയേല്‍ ഇറാന് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *