കൊച്ചി: ഇടുക്കിയിലെ ‘ചക്കക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. യഥാർത്ഥ പൊതുതാൽപര്യത്തിനാണോ അതോ പ്രശസ്തിക്ക് വേണ്ടിയാണോ കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു.

ഹർജിക്കാരന്റെ വിശ്വാസ്യത അത്യന്തം സംശയാസ്പദമാണെന്ന് നിരീക്ഷിച്ച കോടതി, പത്ര-ദൃശ്യ മാധ്യമങ്ങളിൽ താൽക്കാലിക പ്രശസ്തി നേടുന്നതിനുള്ള ശ്രമമാണിതെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പ്രിൻസ് ചാക്കോ സമർപ്പിച്ച ഹർജി പരിഗണിച്ചത്. ആനയെ മയക്കുവെടി വെക്കുന്നതും പിടികൂടുന്നതും മറ്റൊരിടത്തേക്ക് മാറ്റുന്നതും തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

ഇതിനുപുറമെ, ആനത്താരകളെയും ആവാസവ്യവസ്ഥയെയും സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും റേഡിയോ കോളർ ഘടിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ചിന്നക്കനാലിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *