ന്യൂഡൽഹി: തിരുപ്പറകുൺറം ദീപം തെളിയിക്കൽ വിവാദത്തിൽ തമിഴ്നാട് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നവംബർ 20ലെ കോടതി ഉത്തരവ് നടപ്പാക്കാത്തത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യവും മനഃപൂർവമായ ഉത്തരവ് ലംഘിക്കലുമാണെന്ന് കോടതി നിരീക്ഷിച്ചു. നവംബർ 28 ശനിയാഴ്ച തിരുപ്പറകുൺറം കുന്നിലെ ദീപത്തൂണിൽ ദീപം തെളിയിക്കാനും നിർദേശിച്ചു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. മധുര ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഭരണസംവിധാനത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് പിരിച്ചുവിടാനും മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി. പാർഥിപൻ എന്നിവരെ ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള റിസീവർമാരായി നിയമിക്കാനും കോടതി ഉത്തരവിട്ടു.
