‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം വ്യാഴഴ്ച്ച കോഴിക്കോട് സ്വപ്‌ന നഗരിയില്‍ ഒരുങ്ങിയ സലഫി നഗറില്‍ നടക്കുമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുല്ലകോയ മദനി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വപ്‌നനഗരിയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. പ്രധാന പന്തലിന് പുറമെ മദീന, ബുഖാറ, ക്വുര്‍തുബാ, സമര്‍ക്വന്ദ്, ക്വയ്‌റുവാന്‍ എന്നിങ്ങനെ നാമകരണം ചെയ്ത ആറ് വേദകളിലായാണ് ചതുര്‍ദിന മഹാസമ്മേളനം. ആകെ 56 സെഷനുകളിലായി മുന്നൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുലക്ഷത്തോളം പേര്‍ നാലു ദിവസങ്ങളിലായി എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
29 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സംയുക്ത സംഘടന കൗണ്‍സില്‍ ചേരും. 2 മണിക്ക് വളണ്ടിയര്‍ സംഗമവും നടക്കും. 4 മണിക്ക് പ്രധാന പന്തലില്‍ സൗദി എംബസി അറ്റാഷെ ശൈഖ് ബദ്ര്‍ നാസ്വിര്‍ അല്‍അനസി ചതുര്‍ദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയാകും. സമ്മേളന സുവനീര്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ.തേജ് ലോഹിത് റെഡ്ഢി , മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദിന് കോപ്പി നല്‍കി പ്രകാശനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. കെ എന്‍ എം ജനറല്‍ സെക്രട്ടി എം മുഹമ്മദ് മദനി അധ്യക്ഷത വഹിക്കും. മന്ത്രി എം ബി രാജേഷ്, ആള്‍ഇന്ത്യ അഹ്‌ലേ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, രമേശ് ചെന്നിത്തല, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പി.മോഹനന്‍ മാസ്റ്റര്‍, അഡ്വ. കെ.പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് 6.45 ന് ഇസ്‌ലാമിക് സമ്മിറ്റ് മലേഷ്യയിലെ ഹുസൈന്‍ യീ ഉദ്ഘാടനം ചെയ്യും.
രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഖുര്‍ആന്‍ സെമിനാര്‍, 12.40 ന് പ്രധാന പന്തലില്‍ ജുമുഅ നമസ്‌കാരം നടക്കും. 2 മണിക്ക് ലഹരി വിരുദ്ധ സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ് അതിഥിയാവും. 4 മണിക്ക് നവോത്ഥാന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി മുഖ്യാതിഥിയാവും. 6.45 ന് സെക്യുലര്‍ കോണ്‍ഫറന്‍സ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം പി അബ്ദുസമദ് സമദാനി എം പി, ഡോ.എം.കെ മുനീര്‍ എംഎല്‍എ, കെ പി രാമനുണ്ണി, പി.സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍ പ്രസംഗിക്കും.
മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ 8.30 ന് പ്രധാന പന്തലില്‍ പഠന ക്യാമ്പും 9.30 ന് തൗഹീദ് സമ്മേളനവും നടക്കും. നജീബ് കാന്തപുരം എംഎല്‍എ അതിഥിയാകും. ദേശീയ വിദ്യാഭ്യാസ സമ്മേളനം ബീഹാര്‍ എംഎല്‍എ ഡോ.ഷക്കീല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. 11 മണിക്ക് വൈജ്ഞാനിക സംഗമത്തില്‍ എം കെ രാഘവന്‍ എം പി, പി കെ അബ്ദുറബ്ബ്, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, പി വി അന്‍വര്‍ എംഎല്‍എ, പി.മുഹമ്മദ് കുട്ടശ്ശേരി എന്നിവര്‍ പങ്കെടുക്കും. അറബി ഭാഷാസമ്മേളനം സൗത്തുല്‍ ഉമ്മ എഡിറ്റര്‍ അസദ് മുഹമ്മദ് അന്‍സാര്‍ ആസ്മി ബനാറസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് ഫാമിലി സമ്മിറ്റ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പ്രൊഫ.മനോജ് കുമാര്‍ ത്ധ എം പി, എളമരം കരീം എം പി, എം എം ആരിഫ് എം പി, ജസ്റ്റിസ് അബ്ദുറഹീം, പി കെ ബഷീര്‍ എംഎല്‍എ, അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പങ്കെടുക്കും. വിദ്യാര്‍ത്ഥി സമ്മേളനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 4 മണിക്ക് ആസാദി കോണ്‍ഫറന്‍സ് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഇമ്രാന്‍ പ്രതാപ് ഗഡി എം പി മുഖ്യാതിഥിയാവും. എം പി മാരായ ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍, ജോണ്‍ ബ്രിട്ടാസ്, ടി സിദ്ധീഖ് എംഎല്‍എ, എ വിജയരാഘവന്‍, കെ എം ഷാജി, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ അഡ്വ. എ.ജയശങ്കര്‍ പ്രസംഗിക്കും. 6.45 ന് യുവജന ജാഗ്രതാ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവും. അഹമ്മദ് ഹാമിദ് ദുബൈ അതിഥിയാവും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മണിക്ക് തര്‍ബിയത്ത് സമ്മേളനം നടക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സമ്മേളനവും ഗ്ലോബല്‍ ഇസ്‌ലാഹി മീറ്റ്, ഹെല്‍ സമ്മിറ്റ് എന്നിവയും ഉണ്ടാകും. 11 മണിക്ക് വനിതാ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. അഡ്വ. ദീപിക സിംഗ് റജാവത്ത്, എം എ ഹരിദാസ് എം പി, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഫാത്തിമ മുസ്തഫ ചെന്നൈ, സുഹറ മമ്പാട്, ശമീമ ഇസ്‌ലാഹിയ്യ പ്രസംഗിക്കും. 2 മണിക്ക് മനുഷ്യാവകാശ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം വി ശ്രേയാംസ് കുമാര്‍, അഡ്വ. കെഎന്‍എ ഖാദര്‍, ഒ.അബ്ദുറഹ്മാന്‍, പി ജെ ജോഷ്വ, കമാല്‍ വരദൂര്‍, അഡ്വ.ഹാരിസ് ബീരാന്‍ പ്രസംഗിക്കും. വിവിധ വേദികളിലായി ഹജ്ജ് ഉംറ സംഗമം, റൈറ്റേഴ്‌സ് ഫോറം, ബാലസമ്മേളനം, ആദര്‍ശ സംവാദം, പരിസ്ഥിതി സമ്മേളനം, പ്രബോധക സംഗമം എന്നിവയുണ്ടാകും. വൈകീട്ട് 4 മണിക്ക് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എം യുസുഫലി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, എന്നിവര്‍ അതിഥികളാവും. പി വി അബ്ദുല്‍ വഹാബ് എം പി, പി കെ അഹമ്മദ്, ഡോ,പി എ ഫസല്‍ ഗഫൂര്‍, പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍, ഡോ.അലി അജ്മാന്‍, ഡോ.ഗള്‍ഫാര്‍ മുഹമ്മദലി, ഡോ.അന്‍വര്‍ അമീന്‍, അഷ്‌റഫ് ഷാഹി ഒമാന്‍, ഡോ.ഹുസൈന്‍ മടവൂര്‍, അഡ്വ.മായിന്‍കുട്ടി മേത്ത, ഹനീഫ് കായക്കൊടി, നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ.എഐഅബ്ദുല്‍ മജീദ് സ്വലാഹി പ്രസംഗിക്കും.
1979ല്‍ പുളിക്കലില്‍ നിന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനങ്ങള്‍ ഫറോക്ക്, കുറ്റിപ്പുറം, പാലക്കാട്, പിലാത്തറ എറണാകുളം, ചങ്ങരംകുളം, കോഴിക്കോട് അഴിഞ്ഞിലം, കൂരിയാട് എന്നീ സ്ഥലങ്ങളിലാണ് ഇതിന് മുമ്പ് നടന്നത്. ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകള്‍ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാന്‍ കഴിയുക എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് സമ്മേളന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബ്ദുല്ലകോയ മദനി ചൂണ്ടിക്കാട്ടി.
വര്‍ഗീയതയും തീവ്രവാദവും സമൂഹം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയും പരസ്പര വിശ്വാസം തകര്‍ക്കുകയും ചെയ്യും. ഈ അപകടത്തെക്കുറിച്ച് സമൂഹത്തെ ഉണര്‍ത്തുക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്.
അന്ധവിശ്വാസങ്ങള്‍, ലഹരി, തീവ്രവാദം, ഫാഷിസം, മതനിരാസം, ലിബറലിസം തുടങ്ങിയ യുവതലമുറയെ ലക്ഷ്യംവച്ച് നീങ്ങുന്ന തിന്മകള്‍ക്കെതിരെ സമ്മേളനത്തില്‍ ബോധവല്‍ക്കരണം നടക്കും. രാജ്യത്തെ ഏറ്റവും ശക്തമായ മതന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലിം സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. മതം, സംസ്‌കാരം, കല ,സാഹിത്യം, നവോത്ഥാനം വിദ്യാഭ്യാസം ,ചരിത്രം പരിസ്ഥിതി ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍, പുതുതലമുറയുടെ പ്രതീക്ഷകള്‍, ആരോഗ്യം, പ്രവാസം, ജന്‍ഡര്‍ എന്നീ വിഷയങ്ങളില്‍ മുന്നൂറു പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് ഡോ ഹുസൈന്‍ മടവൂര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എ പി അബ്ദുസമദ്, ട്രഷറര്‍ നൂര്‍മുഹമ്മദ് നൂര്‍ഷ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രൊഫ. പി പി അബ്ദുൽ ഹഖ്, കൺവീനർ ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, മീഡിയ വിഭാഗം ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ, കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *