കോഴിക്കോട:് താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി താമരശ്ശേരി ചുങ്കം സ്വദേശി മുഹമ്മദ് ഷഹബാസിന്റെ തലക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അഞ്ച് കുട്ടികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് താമരശ്ശേരി ട്യൂഷന്‍ സെന്ററിന് സമീപം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിന് തലക്ക് സാരമായി പരുക്കേറ്റത്. എന്നാല്‍ പുറത്ത് പരുക്ക് ഇല്ലായിരുന്നു. ഷഹബാസിനെ ആശുപത്രിയില്‍ എത്തിക്കാതെ കൂട്ടുകാര്‍ വീട്ടില്‍ ക്കൊണ്ടു വിട്ടു. തളര്‍ന്നു കിടന്ന ഷഹബാസിന് ഏതോ ലഹരി വസ്തു നല്‍കിയതാണെന്ന് ധരിച്ച് വീട്ടുകാര്‍ മകന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമസംഭവങ്ങളെ കുറിച്ച് അറിഞ്ഞത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷഹബാസിന്റെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ”ഫെയര്‍ വെല്‍” നടന്നിരുന്നു, ഇതില്‍ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് പാട്ട് നില്‍ക്കുകയും ഡാന്‍സ് തടസ്സപ്പെടുകയും ചെയ്തു. പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകര്‍ പിടിച്ചു മാറ്റി രംഗം ശാന്തമാക്കി. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥികളെ സംഭവ സ്ഥലത്ത് എത്തിച്ച് താമരശ്ശേരി പോലീസ് തെളിവെടുപ്പ് നടത്തി .

Leave a Reply

Your email address will not be published. Required fields are marked *