തൃശൂർ: നടനും ചാലക്കുടി മുൻ എംപിയുമായിരുന്ന ഇന്നസെൻ്റ് (75) ഇനി ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഭൗതികദേഹം ഇരിഞ്ഞാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
പ്രിയപ്പെട്ടവന് അന്ത്യയാത്രാമൊഴിയേകാനായി ദേവാലയത്തിലേക്ക് നാട് ഒന്നടങ്കം ഒഴുകിയെത്തിയതോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, ഇന്നസെൻ്റിൻ്റെ സഹപ്രവർത്തരും ഇരിഞ്ഞാലക്കുട സ്വദേശികളുമായ ടൊവിനോ തോമസ്, ഇടവേള ബാബു ഉൾപ്പെടെയുള്ള താരങ്ങളും തെക്കേഅങ്ങാടിയിലെ വസതിയിൽനിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയെ അനുഗമിച്ചു.
ഇരിഞ്ഞാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ്റെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. പിതാവ് തെക്കേത്തല വറീതിന്റെയും മാതാവ് മർഗലീത്തയുടെയും കല്ലറകൾക്കരികിലാണ് ഇന്നസെൻ്റിൻ്റെ അന്ത്യവിശ്രമം. കൊച്ചി കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനുശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഭൗതികദേഹം ഇരിങ്ങാലക്കുടയിൽ എത്തിച്ചത്. തുടർന്ന് ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിൽ പൊതു ദർശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനു ശേഷം ഭൗതികദേഹം തെക്കേഅങ്ങാടിയിലെ വസതിയായ ‘പാർപ്പിട’ത്തിലേക്ക് എത്തിച്ചു.
നടന്മാരായ മമ്മൂട്ടി കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയും മോഹൻലാൽ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിയും തങ്ങളുടെ ഇന്നച്ചനെ അവസാനമായ കണ്ടു. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30 നായിരുന്നു ഇന്നസെൻ്റ് അന്തരിച്ചത്.