ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ബലിപെരുന്നാൾ മനുഷ്യരാശിക്ക് ഐക്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ പാഠമാണ് നൽകുന്നതെന്ന് ഇമാംസുബ്ഹാൻ ബാബു പറഞ്ഞു. കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ മഹല്ല് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഉൽബോധനം നടത്തുകയായിരുന്നു അദ്ദേഹം.
“ബലിപെരുന്നാൾ എന്നു പറയുമ്പോൾ പലരുടെ മനസ്സിലും ആദ്യം ഓടിയെത്തുന്നത് ബലിയർപ്പിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങളായിരിക്കും. എന്നാൽ അതു ഒരു പ്രതീകം മാത്രമാണ്. യഥാർത്ഥത്തിൽ മനുഷ്യന്റെ ജീവിതത്തെ വിജയകരമാക്കുന്നത് ത്യാഗ മനോഭാവമാണ്. ഓരോ വ്യക്തിയും ജീവിതത്തിൽ മുറുകെ പിടിക്കേണ്ട മഹത്തായ മൂല്യമാണ് ആത്മസമർപ്പണവും സഹനവും,” എന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുമിപ്പിക്കുന്ന ആത്മീയ ആഘോഷമായ ബലിപെരുന്നാൾ പരസ്പര സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി വിശ്വാസികൾ പങ്കെടുത്തു. പ്രാർത്ഥനകൾക്കും സന്ദേശ പ്രഭാഷണങ്ങൾക്കും ശേഷം വിശ്വാസികൾ പരസ്പരം ആശംസകൾ കൈമാറി പെരുന്നാൾ ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *