ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവതി. കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) മുമ്പാകെ വ്യക്തമാക്കി. താൻ ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും, വയറ്റിൽ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയിരുന്നതെന്നുമാണ് യുവതിയുടെ മൊഴി. എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോഴുണ്ടായ പരിചയമായിരുന്നു ഇതിന് പിന്നിലെന്നും, എന്നാൽ ആ യുവാവുമായി ഏറെക്കാലമായി ബന്ധമില്ലെന്നും അവർ കൂട്ടിച്ചേർത്തു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സിഡബ്ല്യുസി അധികൃതർ സന്ദർശിച്ചപ്പോഴാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി ആശുപത്രിയിലെ ശുചിമുറിയിലാണ് പ്രസവിച്ചത്. തുടർന്ന് കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന് പിന്നിലായി നവജാത ശിശുവിനെ കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിൽ യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി അറിയിച്ചു. അറുപത് ദിവസം അവിടെ കുഞ്ഞിനെ പരിചരിക്കും. ഈ സമയപരിധിക്കുള്ളിൽ കുഞ്ഞിനെ തിരികെ വേണമെന്നുണ്ടെങ്കിൽ അമ്മയ്ക്ക് ആവശ്യപ്പെടാം. അതിനുശേഷം കുഞ്ഞിനെ ഏറ്റെടുക്കാൻ അമ്മയ്ക്ക് അവകാശമുണ്ടായിരിക്കില്ല. അതേസമയം, നവജാത ശിശുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും, ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിഡബ്ല്യുസി മുന്നറിയിപ്പ് നൽകി. ചൈൽഡ് ലൈൻ വഴി ഇതിനകം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
