കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ഇ ഡിയെ കാണിച്ച് സി.പി.ഐ.എമ്മിനെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾക്കെതിരെ ഇ ഡിയെ കയറൂരി വിട്ടിരിക്കുകയാണ് കേന്ദ്രം. കോൺഗ്രസ് നേതാക്കളെ ഇ ഡി വേട്ടയാടിയപ്പോൾ അവർ ഭയന്ന് മുട്ടുമടക്കി സംഘപരിവാർ പാത സ്വീകരിക്കുകയാണ് ചെയ്തത്. ഇ ഡി എന്നും സി.ബി.ഐ എന്നും കേൾക്കുമ്പോൾ തന്നെ ശിരസ്സ് കുനിച്ച് ബി.ജെ.പി ഓഫീസിലേക്ക് ഓടിയെത്തുന്ന കോൺഗ്രസ് നേതാക്കളെ മാത്രമേ നരേന്ദ്ര മോദിക്ക് പരിചയമുള്ളൂ എന്നും, എന്നാൽ അവസാന ശ്വാസം വരെ പോരാടുന്ന ഇടതുപക്ഷ നേതാക്കളെ അവർ കണ്ടിട്ടില്ലെന്നും സ്വരാജ് തുറന്നടിച്ചു.
രാഹുൽ ഗാന്ധി സംഘപരിവാറിന് മുന്നിൽ സാഷ്ടാംഗം പ്രണാമം ചെയ്തപ്പോഴാണ് നാഷണൽ ഹെറാൾഡ് കേസിന്റെയും റോബർട്ട് വധേരയുടെ ഭൂമി തട്ടിപ്പ് കേസിന്റെയും അന്വേഷണങ്ങൾ മന്ദഗതിയിലായതെന്ന് അദ്ദേഹം ആരോപിച്ചു. ഭയന്ന് ഓടുന്ന കോൺഗ്രസ് നേതാക്കളെപ്പോലെയല്ല ഇടതുപക്ഷമെന്നും, ഇ ഡിയുടെ രാഷ്ട്രീയ വേട്ടയാടലുകളെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായി തന്നെ പ്രതിരോധിക്കുമെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.
