പെരുമ്പാവൂരിലെ പാറമടയിൽ പരസ്യചിത്രീകരണത്തിനെത്തിയ ഡൽഹി സ്വദേശിയായ മോഡൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു ജോഷിയാണ് അപകടത്തിൽപ്പെട്ടത്. ഡൽഹി ആസ്ഥാനമായുള്ള ഒരു വസ്ത്രനിർമ്മാണ കമ്പനിയുടെ പരസ്യചിത്രീകരണത്തിനായി സംഘം പെരുമ്പാവൂരിലെത്തിയതായിരുന്നു.
ചിത്രീകരണത്തിനിടെ പാറമടയിലെ വെള്ളക്കെട്ടിൽ നീന്താൻ ശ്രമിക്കുന്നതിനിടയിലാണ് ദിയാൻഷു അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നേരത്തെയും സമാനമായ രീതിയിൽ ഇതേ പാറമടയിൽ യുവാക്കൾ മുങ്ങിമരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഈ പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്നതാണ്. കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് വീണ്ടും ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
