ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്നൂര്‍ നഗരത്തിലെ ജോഗ്വാന്‍ മേഖലയില്‍ വീണ്ടും ഭീകരാക്രമണം. സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയില്‍ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി. രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 7.30ന് ജോഗ്വാനിലെ ശിവാസ്സന്‍ ക്ഷേത്രത്തിന് സമീപമുള്ള ബട്ടാല്‍ പ്രദേശത്ത് വെച്ചാണ് സൈന്യത്തിന്റെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് ഭീകരര്‍ 15-20 റൗണ്ട് വെടിവച്ചുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ടുസൈനികര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.