കോഴിക്കോട്: നഗരത്തിൽ തുടർച്ചയായ മൂന്നാം ദിവസവും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി പോലീസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും ടൗൺ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 17 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് പേരെ പിടികൂടി.

ആനി ഹാൾ റോഡിൽ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. മലപ്പുറം പുളിക്കൽ സ്വദേശിയായ ഷൗക്കത്ത് അലി, ഐക്കരപ്പടി സ്വദേശിയായ സാലി എന്നിവരാണ് അറസ്റ്റിലായത്.
മുംബൈയിൽ നിന്ന് എത്തിച്ച മയക്കുമരുന്ന് കോഴിക്കോട് ജില്ലയിൽ വിതരണം ചെയ്യാനാണ് ഇവർ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സ്കൂൾ അവധിക്കാലമായതിനാൽ മയക്കുമരുന്നിന് ആവശ്യക്കാർ കൂടുതലാണെന്ന് പ്രതികൾ മൊഴി നൽകിയതായും സൂചനയുണ്ട്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. നഗരത്തിൽ മയക്കുമരുന്ന് വ്യാപനം തടയാൻ ഡാൻസാഫ് സംഘവും പോലീസും ചേർന്ന് ശക്തമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *