ഇസ്രയേലുമായുള്ള വെടി നിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ട തൊട്ടടുത്ത ദിവസം നിലപാടറിയിച്ച് ലബനോനിലെ സായുധസേനാ വിഭാഗമായ ഹിസ്ബുള്ള. ഫലസ്തീനായുള്ള പ്രതിരോധവും പിന്തുണയും തുടരുമെന്ന് അവർ പറഞ്ഞു. അതേസമയം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട യാതൊരു പരാമർശവും ഹിസ്ബുള്ള നടത്തിയില്ല.കാഞ്ചിയിൽ കൈവിരൽ പതിപ്പിച്ച് തന്നെ അതിർത്തികളിൽ നിന്നുള്ള ഇസ്രയേലി സൈന്യത്തിന്റെ പിന്മാറ്റത്തെ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് ഹിസ്ബുള്ള പറയുന്നു. വെടി നിർത്തൽ കരാർ പ്രകാരം തെക്കൻ ലബനന്റെ അതിർത്തി പ്രദേശത്ത് നിന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം പിന്മാറും.
അമേരിക്കയുടെയും ഫ്രാൻസിന്റെയും ശക്തമായ ഇടനിലയുടെ ഫലമായാണ് ഇസ്രയേലും ഹിസ്ബുള്ളയും ഈ സമാധാന ഉടമ്പടിയിലേക്ക് എത്തിച്ചേർന്നത്. ഇരു സംഘങ്ങളും തമ്മിൽ പതിറ്റാണ്ടുകളോളമായി ശത്രുതയിലാണ്. ഇറാന്റെ പിന്തുണയോടെയാണ് ഹിസ്ബുള്ള ഇസ്രായേലിന് എതിരായുള്ള സായുധ നീക്കങ്ങൾ നടത്തുന്നത്. ഇതിൽനിന്ന് ഇരു വിഭാഗവും പിന്മാറുന്നത് മേഖലയിലാകെ യുദ്ധാന്തരീക്ഷം മാറാനുള്ള സാഹചര്യത്തിലേക്കാണ് വിരൽചുണ്ടിയത്. അതേസമയം ഫലസ്തീന്റെ ഭാഗമായ ഗാസാ മുനമ്പിൽ ഹമാസിനെതിരെ ഇപ്പോഴും ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്.