പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര അതിവിദഗ്ധനായ ക്രിമിനലെന്ന് പാലക്കാട് എസ്.പി രാജേഷ്‌കുമാര്‍. മണിക്കൂറുകളോളം ഒളിച്ചിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയുണ്ട്. എവിടെ ഒളിക്കണമെന്നും പ്രതിക്ക് കൃത്യമായറിയാം. മലയുടെ മുകളില്‍ മറഞ്ഞിരുന്ന് പൊലീസിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നു. ഏറെ നാളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും എസ്.പി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

”ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പ്രതിയെ പിടികൂടിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് ഇത് സാധ്യമായത്. ഇയാളെ വിവിധ സ്ഥലങ്ങളില്‍നിന്ന് കണ്ടതായി ആളുകള്‍ പറയുകയുണ്ടായി. എല്ലായിടത്തും പൊലീസ് അന്വേഷിച്ചു. ഒടുവില്‍ വീടിനു സമീപത്തെ വയലില്‍നിന്നാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇതിനോടകം ഒരുതവണ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ ലഭിച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യും.

സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ക്രൈം സീന്‍ പുനരാവിഷ്‌കരിക്കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെനിന്ന് ലഭിച്ചെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല. ഏറെ നാളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യ വിട്ടുപോയതോടെയാണ് വൈരാഗ്യം കൂടിയതെന്നാണ് വിവരം. അയല്‍ക്കാര്‍ മന്ത്രവാദം ചെയ്തതോടെ ഭാര്യ വിട്ടുപോയെന്നാണ് പ്രതി കരുതുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *