അടൂര്‍ പട്ടാഴിമുക്കില്‍ ലോറിയില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ച അപകടത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അനുജയും ഹാഷിമുമായി കാറില്‍ മല്‍പിടുത്തം നടന്നിരുന്നതായി ഏനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കര്‍ മരൂര്‍. അപകടത്തിന് മുന്‍പ് കാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ആലയില്‍പ്പടിയില്‍ വെച്ച് കാര്‍ കണ്ടിരുന്നുവെന്നും ശങ്കര്‍ പറയുന്നു.

ഓട്ടത്തിനിടെ കാറിന്റെ ഡോര്‍ തുറന്നു. അനുജ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്നു തവണ തുറന്നു. കാലുകള്‍ പുറത്തിടുന്നത് കണ്ടിരുന്നു എന്ന് ശങ്കര്‍ മരൂര്‍ പറയുന്നു. കാര്‍ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കര്‍ വെളിപ്പെടുത്തി. അമിത വേഗതയില്‍ എത്തിയ കാര്‍ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകന്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു.

നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് 11 വയസുള്ള മകനും ഉണ്ട്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകര്‍ക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *