ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം കത്തിപ്പടരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനായി എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍. യോ​ഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ചയാകാനാണ് സാധ്യത. വിവാദങ്ങളില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് ഇ പി ജയരാജന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ അഭിമുഖത്തിൽ ആവർത്തിച്ചപ്പോൾ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ഇ പി ജയരാജന്‍. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നതെന്നു ഇ പി ജയരാജന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേ ഇല്ലെന്ന് ഇ പിയുടെ വിശദീകരണം. ശോഭ സുരേന്ദ്രനെതിരെ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ജാവദേക്കർ – ഇപി ജയരാജൻ കൂടിക്കാഴ്ച വിവാദം ശക്തമാകുന്നതിൽ ബിജെപിയിലെ ഒരു വിഭാഗത്തില്‍ അമർഷം ഉടലെടുത്തിട്ടുണ്ട്. മറ്റ് പാർട്ടിയിലെ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ പുറത്തുവരുന്നതിലാണ് അതൃപ്തി. ഓപ്പറേഷൻ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായെങ്കിലും പ്രമുഖരായ ആളുകളെ എത്തിക്കാനുള്ള ചർച്ചകൾ പുറത്തുവരുന്നതിൽ പാർട്ടിക്ക് ക്ഷീണമുണ്ടെന്നാണ് ഒരു വിഭാ​ഗം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *