സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ജാവ്ദേക്കർ കൂടിക്കാഴ്ചയെ കുറിച്ച് ഇപി ജയരാജൻ വിശദീകരിച്ചത് വൈകാരികമായി. ബിജെപിയോടുള്ള പോരാട്ടത്തിന്റെ ചരിത്രം പറഞ്ഞ് വികാരനിർഭരമായാണ് ഇപി തന്റെ ഭാഗം വിശദീകരിച്ചത്. ദല്ലാൾ നന്ദകുമാർ തന്നെ കുടുക്കാൻ ശ്രമിച്ചെന്നും കുറേ നാളായി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇപി പറഞ്ഞു. സെക്രട്ടേറിയേറ്റ് യോഗത്തിൽ മറ്റ് നേതാക്കളാരും ഇപി ജയരാജനെ കുറ്റപ്പെടുത്താനും മുതിർന്നില്ല. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പോളിംഗ് ദിനം തുറന്നു പറഞ്ഞത് സംശയങ്ങൾ ഒഴിവാക്കാനെന്നായിരുന്നു ഇപിയുടെ വിശദീകരണം. ദല്ലാളുമായുള്ള ബന്ധം നേരത്ത ഉപേക്ഷിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങാൻ അനുവാദം തേടിയ ഇപി, ജാവ്ദേക്കറെ കണ്ടതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ചില മാധ്യമങ്ങളും ഗൂഢാലോചനയിൽ പങ്കാളിയായെന്നും വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *