മെയ് പകുതി വരെ ദക്ഷിണേന്ത്യയിലാകെ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളത്തിലടക്കം അഞ്ച് ദിവസംകൂടി ഉഷ്ണ തരം​ഗ സാധ്യത തുടരും. പുറത്തിറങ്ങുന്നവർ അതീവ ജാ​ഗ്രത പാലിക്കണമെന്നും ഐഎംഡി ശാസ്ത്രജ്ഞ ഡോ സോമ സെൻ റോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും, വ്യാപക മഴയ്ക്ക് ഇപ്പോൾ സാധ്യതയില്ല. താപനില കുറയാൻ തുടങ്ങുക മെയ് പകുതിയോടെ മാത്രമായിരിക്കും. കേരളത്തിലെ ഉയർന്ന താപനിലയിൽ അസ്വാഭാവികതയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നത് സാഹചര്യം വ്യത്യസ്തമാക്കി. പകൽ 12 മുതൽ 3 വരെ പുറത്തിറങ്ങരുത്, ഇറങ്ങുന്നവർ കുടയും വെള്ളവും കരുതണം. അതുപോലെ അയഞ്ഞ വസ്ത്രം ധരിക്കണം. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ. സോമ സെൻ റോയ് വിശദമാക്കി. കനത്ത ചൂടിന് ഉടനെങ്ങും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വടക്കൻ കേരളമുൾപ്പടെ ദക്ഷിണേന്ത്യയിൽ നാല് മേഖലകളിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയുണ്ട്. 5 ദിവസത്തേക്ക് പലയിടങ്ങളിലും റെഡ് – ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. മെയ് മാസം പകുതിയോടെ മാത്രമേ അന്തരീക്ഷ താപനിലയിൽ കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *