കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ അന്വേഷണം പൂർത്തിയായതായും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ലൈംഗികാതിക്രമം നടന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കേസിൽ പുതിയ വകുപ്പുകളൊന്നും ഉൾപ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ സംഘം, രഞ്ജിത്തിനെ ഒളിവിൽ പോകാൻ മറ്റാരെങ്കിലും സഹായിച്ചതായി തെളിവില്ലെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യൻ, സഹസംവിധായക ശാലിനി എന്നിവരെ ചോദ്യം ചെയ്തിരുന്നു. അതിജീവിതയെ ഭീഷണിപ്പെടുത്തിയതായി വിവരമില്ലെങ്കിലും കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി സൂചനകളുണ്ട്.

അതേസമയം ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടി രഞ്ജിത്ത് നാളെ കോടതിയെ സമീപിക്കും. ജില്ല വിട്ടു പുറത്തുപോകാൻ അനുമതി തേടിയാണ് പ്രധാനമായും ഹർജി നൽകുന്നത്. നേരത്തെ പത്തുദിവസത്തെ ജയിൽവാസത്തിന് ശേഷം ആരോഗ്യനില പരിഗണിച്ചാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഫോർട്ട് കൊച്ചിയിലെ സിനിമ സെറ്റിൽ വെച്ച് യുവനടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ഏപ്രിൽ ഒന്നിനാണ് തൊടുപുഴയിൽ വെച്ച് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

നടിയുടെ അഭിനയം മോശമായതിനാൽ താൻ വിമർശിച്ചതിലും സീനുകൾ വെട്ടിക്കുറച്ചതിലുമുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്റെ വാദം. എന്നാൽ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ അവകാശപ്പെടുന്നത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *