കോട്ടയം: ഔദ്യോഗിക പദവി വിരമിച്ചിട്ടും തന്റെ വാഹനത്തിൽ മൂന്ന് നക്ഷത്രങ്ങൾ ഉൾപ്പെട്ട ഔദ്യോഗിക ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ച ടോമിൻ ജെ. തച്ചങ്കരി നിയമക്കുരുക്കിൽ. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് തച്ചങ്കരിക്ക് 250 രൂപ പിഴ ചുമത്തി. എന്നാൽ, കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദ്ദേശിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥർ നടപടി വൈകിപ്പിക്കുന്നത് ചർച്ചയാവുകയാണ്.
കോട്ടയം കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് തച്ചങ്കരിയുടെ വാഹനത്തിലെ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടത്. നമ്പർ പ്ലേറ്റിന് സമീപം ഡിജിപി പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ പതിപ്പിച്ചിരുന്നു. നിയമലംഘനം ചോദ്യം ചെയ്യപ്പെട്ടതോടെ വാഹനത്തിലുണ്ടായിരുന്നവർ ബോർഡ് മാറ്റാൻ ശ്രമിക്കുകയും വാഹനം വേഗത്തിൽ സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. മോട്ടോർ വാഹന വകുപ്പ് ചുമത്തിയ പിഴ തച്ചങ്കരി ഇതിനോടകം അടച്ചുതീർത്തതായാണ് വിവരം.
തച്ചങ്കരി സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഇതേ ഔദ്യോഗിക ബോർഡ് വെച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് ആരോപണമുണ്ട്. വാർത്ത പുറത്തുവന്നതോടെ തച്ചങ്കരിക്കെതിരെ പരാതികൾ ശക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം എസ്പിയോട് ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിരമിച്ച ശേഷവും തച്ചങ്കരി പോലീസിന്റെ ഔദ്യോഗിക സീരീസിലുള്ള ഫോൺ നമ്പർ ഉപയോഗിക്കുന്നതായും സൂചനയുണ്ട്. ഒരു ഉദ്യോഗസ്ഥൻ വിരമിക്കുമ്പോൾ ഔദ്യോഗിക കണക്ഷനുകൾ തിരികെ നൽകണമെന്നിരിക്കെ, ഈ നമ്പർ എങ്ങനെ കൈവശം വെച്ചു എന്നത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
