രാജസ്ഥാനില്‍ ഡോക്ടര്‍മാരായ ദമ്പതികളെ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച തിരക്കേറിയ റോഡില്‍ വൈകിട്ട് 4.45-നായിരുന്നു സംഭവം. ബൈക്കില്‍ കാറിനെ മറികടന്നെത്തിയ രണ്ടുപേരാണ് ഇവരെ വെടിവച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാജസ്ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്ത് നടന്ന കൊലപാതകം ട്രാഫിക് പോലീസിന്റെ സിസിടിവിയില്‍ പതിഞ്ഞു. 2019-ല്‍ സീമാ ഗുപ്ത കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു.

സ്ത്രീയും ആറു വയസുകാരനായ മകനും 2019 ലാണ് കൊല്ലപ്പെട്ടത്‌. ഈ കേസിലെ പ്രതികളാണ് ഡോക്ടര്‍ ദമ്പതിമാര്‍. സുധീപ് ഗുപ്തയുമായി കൊല്ലപ്പെട്ട സ്ത്രീക്ക് ബന്ധമുണ്ടായിരുന്നുവെന്നരോപിച്ചാണ് കൊലപ്പെടുത്തിയത്. സീമാ ഗുപ്തയുടെ മാതാവും ഇതില്‍ പ്രതിയാണ്. സീമാ ഗുപ്തയും മാതാവും 2019-ല്‍ സ്ത്രീയുടെ വീടിന് തീയിട്ടുവെന്നാണ് കേസ്‌.

സ്ത്രീയും കുഞ്ഞുംവെന്തു മരിച്ചു. തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാരും മാതാവും ജയിലിലായിരുന്നു. നിലിവില്‍ മൂന്ന് പേരും ജാമ്യത്തില്‍ കഴിയവേയാണ് സ്ത്രീയുടെ സഹോദരന്‍ പ്രതികാരം തീര്‍ക്കാന്‍ കൊലപാതകം നടത്തിയത്.

പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതികളായ രണ്ടു പേരും ഡോക്ടര്‍ ദമ്പതിമാരെ പിന്തടരുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം റോഡില്‍ ആളില്ലാത്ത സമയം നോക്കി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ യുവാക്കള്‍ ബൈക്ക് നിര്‍ത്തുകയായിരുന്നു. സുധീപ് ഗുപ്തയായിരുന്നു കാറോടിച്ചിരുന്നത്. കാറിന് സമീപത്തേക്ക് യുവാവ് നടന്നു. കാറിന്റെ വിന്‍ഡോ താഴ്ത്തിയ ഉടന്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ചു റൗണ്ട് വെടിയുതിര്‍ത്തായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *