കൊല്ലം: തുണി കഴുകുന്നതിനിടെ കാല്‍വഴുതി കല്ലട ആറ്റില്‍ വീണ വീട്ടമ്മയ്ക്ക് രണ്ടാം ജന്മം. ഒഴുക്കില്‍പ്പെട്ട് 10 കിലോമീറ്ററോളമാണ് കുളക്കട കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ (64) ഒഴുകിയത്. വള്ളിയില്‍ തടഞ്ഞു നിന്നതോടെ ശ്യാമളയുടെ നിലവിളികേട്ട് പരിസരവാസികളാണ് ഇവരെ രക്ഷപെടുത്തി രണ്ടാം ജന്മം നല്‍കിയത്.

ഇന്നലെ വീടിനു സമീപത്തെ കടവില്‍ തുണി കഴുകാന്‍ എത്തിയപ്പോള്‍ കാല്‍ വഴുതി ആറ്റില്‍ വീഴുകയായിരുന്നു എന്നാണ് ശ്യാമളയമ്മ പറഞ്ഞത്. നീന്തല്‍ അറിയില്ലായിരുന്നു. ആറ്റിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നതിനാല്‍ ഒഴുക്കും ശക്തമായിരുന്നു. മലര്‍ന്നു കിടന്ന നിലയില്‍ ഒഴുക്കില്‍പ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂര്‍ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടര്‍പ്പില്‍ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസില്‍ അറിയിച്ചതും. നാട്ടുകാര്‍ വഞ്ചിയിറക്കി ശ്യാമളയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *