

നിലമ്പൂര്‍: കവളമുക്കട്ടയില്‍ വളര്‍ത്ത് മൃഗങ്ങളെ പിടിച്ച് ഭീതിവിതക്കുന്ന പുലിയെ പിടിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ വനം ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. പ്രചരണത്തേക്കാള്‍ വലുത് ജനങ്ങളുടെ ജീവനെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പുലിയെ കണ്ടെത്താന്‍ കാമറയും പിടികൂടാന്‍ കൂടും രാത്രിക്കകം സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതോടെയാണ് മടങ്ങിയത്.
വളര്‍ത്തുനായയെ പുലി പിടിച്ച കവളമുക്കട്ട മാനുപ്പൊട്ടിയിലെ തൊട്ടിതൊടിക താമിക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയത്.
ഫോറസ്റ്റ് സ്‌റ്റേഷന് വിളിപ്പാടകലെയുള്ള താമിക്കുട്ടിയുടെ വീട്ടിന് പിറകില്‍ കെട്ടിയിട്ട വളര്‍ത്തുനായയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. ഒരാഴ്ചക്കിടെ പ്രദേശത്തെ മൂന്നു വീടുകളിലെ വളര്‍ത്ത് മൃഗങ്ങളെ പുലി കൊണ്ടുപോയിരുന്നു.
പടിഞ്ഞാറെകണ്ടന്‍ സുരേന്ദ്രന്റെ വീട്ടിലെ വളര്‍ത്തു നായയെയും അടുത്തുള്ള സുരേന്ദ്രന്റെ വീട്ടിലെ താറാവുകളെയും കോഴികളെയുമാണ് പുലി പിടിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പുലിയെ പിടിക്കാന്‍ ഫോറസ്റ്റ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന പ്രദേശവാസികള്‍ പരാതി പറഞ്ഞതോടെയാണ് നടപടി തേടി ആര്യാടന്‍ ഷൗക്കത്ത് ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയത്.നിലമ്പൂരില്‍ വന്യജീവികള്‍ക്ക് സംരക്ഷണവും മനുഷ്യജീവന് വിലയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.