ആര്യാടന്‍ മുഹമ്മദിന് 11 തെരഞ്ഞെടുപ്പിലും കെട്ടിവെക്കാനുള്ള പണം നല്‍കിയ പാരമ്പര്യം മകന്‍ ഷൗക്കത്തിനും നല്‍കി പുല്ലങ്കോട്ട് എസ്റ്റേറ്റിലെ പ്ലാന്റേഷന്‍ തൊഴിലാളികള്‍. പ്രചരണത്തിരക്കിനിടയില്‍ ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായാണ് പുല്ലങ്കോട്ട് എസ്‌റ്റേറ്റിലെ ഐ.എന്‍.ടി.യു.സി സെക്രട്ടറി ഹസന്‍ പുല്ലങ്കോടിന്റെ നേതൃത്വത്തില്‍ തൊഴിലാളികളെത്തി യൂണിയന്‍ പ്രസിഡന്റ് കൂടിയായ ആര്യാടന്‍ ഷൗക്കത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവെക്കാനുള്ള തുകയായ 10,000 രൂപ കൈമാറിയത്.
1963ലാണ് ആര്യാടന്‍ മുഹമ്മദ് ആസ്പിന്‍ വാള്‍ കമ്പനിയുടെ പുല്ലങ്കോട് എസ്‌റ്റേറ്റിലെ പുല്ലങ്കോട് പ്ലാന്റേഷന്‍ ലേബര്‍ കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി യൂണിയന്റെ പ്രസിഡന്റായത്. അന്ന് നിലമ്പൂരില്‍ നിന്നും സൈക്കിളിലാണ് 23 കിലോ മീറ്ററകലെ പുല്ലങ്കോട്ടെ എസ്‌റ്റേറ്റിലേക്ക് ആര്യാടന്‍ എത്തിയിരുന്നു. ദിസവങ്ങളോളം തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്ന ആര്യാടന് ഇവിടുത്തെ തൊഴിലാളികളുമായി ആത്മബന്ധമായിരുന്നു. നിരവധി തവണ സമരം ചെയ്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ ആര്യാടന്‍ നേടിക്കൊടുത്തിട്ടുണ്ട്.
മന്ത്രിയാകുമ്പോള്‍ എല്ലാ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് സ്ഥാനവും ഒഴിയുമായിരുന്നെങ്കിലും പുല്ലങ്കോട് എസ്‌റ്റേറ്റിലെ യൂണിയന്‍ പ്രസിഡന്റ് സ്ഥാനം മാത്രം ആര്യാടന്‍ നിലനിര്‍ത്തുകയായിരുന്നു പതിവ്. 1965 മുതല്‍ 2011 വരെ 11 തെരഞ്ഞെടുപ്പുകളിലാണ് ആര്യാടന്‍ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചത്. 8 തവണ വിജയിക്കുകയും 3 തവണ പരാജയപ്പെടുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം പുല്ലങ്കോട്ടെ ഐ.എന്‍.ടി.യു.സി തൊഴിലാളികളായിരുന്നു കെട്ടിവെക്കാനുള്ള തുക നല്‍കിയത്. തെഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ആര്യാടന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ അനുവദിച്ചിരുന്നില്ല. വിയോഗം വരെ 62 വര്‍ഷമാണ് ആര്യാടന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ആര്യാടന്റെ വിയോഗ ശേഷം മകന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ ഷൗക്കത്തിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് യൂണിയന്‍ ജനറല്‍ ബോഡി തെരഞ്ഞെടുത്തിരുന്നത്. ഇത്തവണ യൂണിയന്‍ പ്രസിഡന്റിന് കെട്ടിവെക്കാനുള്ള തുക നല്‍കാനായെന്ന സന്തോഷവുമുണ്ട് തൊഴിലാളികള്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *