തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ ഗവർണറും- സർക്കാരും തമ്മിൽ കല്ലുകടി. വന്ദേമാതരം മുഴുവൻ വേണമെന്ന ലോക്ഭവൻ നിർദേശം തള്ളി സർക്കാർ. പൊലീസ് ബാൻഡ് വായിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം. ഗവർണറുടെ തുടർനീക്കത്തിൽ ഉദ്വേഗം. നേരത്തെ യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു.
അതേസമയം, വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് ഗവർണറോടുള്ള അവഹേളനമെന്ന് വിമർശനവുമായി വി. മുരളീധരൻ എംഎൽഎ രംഗത്തെത്തി. കേന്ദ്ര സർക്കാർ നിർദേശം സഭയിൽ പാലിക്കപ്പെട്ടില്ല. ജമാ അത്തെ ഇസ്ലാമിക്കും സിപിഐഎമ്മിനും സർക്കാർ വഴങ്ങിയെന്നും വി. മുരളീധരൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
