ന്യൂ ഡൽഹി: ഹൈക്കോടതികളിലെ വിധിപ്രസ്താവങ്ങൾ സമയബന്ധിതമാക്കുന്നതിനായി സുപ്രീം കോടതി കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നീതിനിർവ്വഹണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കേസുകളിൽ വാദം കേൾക്കൽ പൂർത്തിയായതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണമെന്നാണ് ഹൈക്കോടതികൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതിലും കുറഞ്ഞ സമയപരിധിക്കുള്ളിൽ വിധി പുറപ്പെടുവിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.

മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കാൻ സാധിച്ചില്ലെങ്കിൽ, ഹൈക്കോടതി രജിസ്ട്രാർ ആ വിവരം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. തുടർന്ന് വാദം കേട്ട ബെഞ്ചിന് വിധി പ്രസ്താവിക്കുന്നതിനായി ചീഫ് ജസ്റ്റിസിന് രണ്ട് ആഴ്ചത്തെ അധിക സമയം അനുവദിക്കാവുന്നതാണ്. എന്നാൽ ആ സമയപരിധിക്കുള്ളിലും വിധി പുറത്തുവന്നില്ലെങ്കിൽ, കേസ് മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അധികാരം നൽകിയിട്ടുണ്ട്.

ജാമ്യ ഹർജികളുടെ കാര്യത്തിൽ കൂടുതൽ വേഗത ഉറപ്പാക്കാൻ സുപ്രീം കോടതി പ്രത്യേക നിർദ്ദേശം നൽകി. ജാമ്യ ഹർജികളിൽ വാദം കേൾക്കുന്ന ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ വിധി പ്രസ്താവിക്കണം. ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവുണ്ടായാൽ, വിചാരണ തടവുകാരാണെങ്കിൽ അന്നുതന്നെയോ അല്ലെങ്കിൽ പിറ്റേന്നോ തന്നെ മോചിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കണം. ജാമ്യ ഉത്തരവ് ലഭിച്ചാലുടൻ തന്നെ ഇക്കാര്യം ജയിൽ അധികൃതരെ അറിയിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

വിധികളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ഓപ്പറേറ്റീവ് ഭാഗം തുറന്ന കോടതിയിൽ പ്രസ്താവിക്കാമെങ്കിലും, വിശദമായ വിധിന്യായം ഏഴ് ദിവസത്തിനുള്ളിൽ ഹൈക്കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. പതിനഞ്ച് ദിവസത്തിനുള്ളിൽ വിശദമായ വിധി അപ്‌ലോഡ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അതിനായി അപേക്ഷ നൽകാം. എന്നാൽ മുപ്പത് ദിവസത്തിനുള്ളിലും വിശദമായ വിധി വെബ്‌സൈറ്റിൽ ലഭ്യമാക്കിയില്ലെങ്കിൽ, അത്തരം കേസുകൾ മറ്റൊരു ബെഞ്ചിന് കൈമാറാൻ നടപടിയുണ്ടാകും. കേസിൽ വിധി പറയാൻ തീരുമാനിച്ച തീയതി നിർബന്ധമായും ഹൈക്കോടതി വെബ്‌സൈറ്റിൽ രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *