കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

എറണാകുളം നോര്‍ത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. തന്നോട് മോശമായി പെരുമാറിയെന്നും, താരസംഘടന അമ്മയില്‍ അംഗത്വം ലഭിക്കുന്നതിന് അഡ്ജസ്റ്റുമെന്റുകള്‍ക്ക് വഴങ്ങണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടതായി നടി വെളിപ്പെടുത്തിയിരുന്നു.

നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസാണ് കേസെടുത്തത്. മണിയന്‍ പിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസെടുത്തിട്ടുണ്ട്. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, മുകേഷ് തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് നടി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

നടിയുടെ പരാതിയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിച്ചു വിനെതിരെ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവായ അഡ്വ. ചന്ദ്രശേഖരന്‍ നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് എടുത്ത കേസില്‍ രണ്ടാം പ്രതിയാണ്. കോണ്‍ഗ്രസ് നേതാവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ചന്ദ്രശേഖരന്‍, ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ സ്ഥാനം രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *